ജയ്പൂര്‍: രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി. ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ മറനീക്കി പുറത്തുവന്ന അസ്വാരസ്യങ്ങള്‍ പൊട്ടിത്തെറിയിലേക്കെത്തിരിക്കുകയാണിപ്പോള്‍. പാര്‍ടി വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ബിജെപി കോട്ട ജില്ലാ പ്രസിജന്‍റ് അശോക് ചൗധരി പാര്‍ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു.

മുഖ്യമന്ത്രി വസുന്ധര രാജെ, പാർട്ടി സംസ്ഥാന അധ്യക്ഷൻ അശോക് പ്രണാമി, എന്നിവര്‍ നയിക്കുന്ന ബിജെപിക്ക് 2018ലെയും 19ലെയും തെരഞ്ഞെടുപ്പുകളിൽ നിലംതൊടാന്‍ സാധിക്കില്ലെന്ന് ചൗധരി കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങള്‍ക്ക് സംസ്ഥാന ഘടകങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചൗധരി കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞത് പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. കത്ത് സംബന്ധിച്ച് പാർട്ടി സംസ്ഥാന- ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല.