തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 15 വാർഡുകളിലെ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിലെ പാപ്പനംകോട് വാർഡിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ജിസ് ആശാ നാഥ് വിജയിച്ചു. 57 വോട്ടുകൾക്കാണ് ജയം .

ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിച്ചു. ഇതോടെ ഭരണം എൽഡിഎഫിന് ലഭിക്കും .

പാലക്കാട് ഒറ്റപ്പാലം നഗരസഭ കണ്ണേമ്പ്രം വായനാശാല വാര്‍ഡ് എൽഡിഎഫ് നിലനിർത്തി .

ഫലം നിർണ്ണായകമായ കാസർക്കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിൽ ഉള്‍പ്പെടെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

എൽഡിഎഫിന് കേവല ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം കോർപ്പറേഷനിൽ പാപ്പനംകോട്ടെ ഫലം ഏറെ നിർണ്ണായകമായിരുന്നു. 76.38 ശതമാനമായിരുന്നു ഇവിടെ പോളിംഗ്.

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വീറും വാശിയുമുണ്ടായിരുന്നു പാപ്പനംകോ‍ട് വാർ‍ഡിലെ പ്രചാരണത്തിന്. മൂന്ന് മുന്നണികൾക്കുമായി സംസ്ഥാന നേതാക്കൾ തന്നെ പ്രചാരണത്തിനിറങ്ങി. സിനിമാതാരവും എം എം എൽയുമായ മുകേഷിനെ എത്തിച്ച് സിപിഐഎം റോഡ്ഷോ നടത്തിയപ്പോൾ ബിജെപി സംസ്ഥാന നേതാക്കളെ പ്രചാരണത്തിനിറക്കി.

ബിജെപി കൗൺസിലറായ ചന്ദ്രന്‍റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിറ്റിംഗ് സീറ്റ് കൈവിടാതിരിക്കാൻ ബിജെപി ശക്തമായ പോരാട്ടമാണ് നടത്തിയത്.

കഴിഞ്ഞ തവണ 2518 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബിജെപി സിപിഐഎമ്മിൽ നിന്ന് പിടിച്ചെടുത്ത സീറ്റാണ് പാപ്പനംകോട്. അതിനാൽ ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. കെ മോഹനനായിരുന്നു സിപിഐഎം സ്ഥാനാർത്ഥി. എഞ്ചിനിയറിംഗ് വിദ്യാർത്ഥി സി.കെ അരുൺ വിഷ്ണുവായിരുന്നു കോൺഗ്രസ് സ്ഥാനാര്‍ത്ഥി.