ഡുമാൽ കുമാറിന്‍റേത് ആത്മഹത്യയാണന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പുരുലിയ: പശ്ചിമബംഗാളിലെ പുരുലിയയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബിജെപി പ്രവർത്തകന്റേത് കൊലപാതകമാണെന്ന ബിജെപി വാദം പൊളിഞ്ഞു. ഡുമാൽ കുമാറിന്‍റേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളതെന്ന് പുരുലിയ എസ്‌പി ആകാശ് മഗാരിയ അറിയിച്ചു. 

നാലു ദിവസത്തിനിടെ മരിച്ചനിലയില്‍ കണ്ടെത്തുന്ന രണ്ടാമത് ബിജെപി പ്രവര്‍ത്തകനായിരുന്നു ഡുമാൽ. വെള്ളിയാഴ്ച്ച രാത്രിയാണ് 32 വയസ്സുള്ള ഡുമാൽ കുമാറിനെ വൈദ്യുതി ടവറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃണമൂൽ കോൺഗ്രസ് ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നായിരുന്നു ബിജെപിയുടേയും ബന്ധുക്കളുടേയും ആരോപണം. 

പുരുലിയയിൽ നിലവിലുണ്ടായിരുന്ന എസ്പിയെ സ്ഥലം മാറ്റിയ ശേഷം ഇന്നലെയാണ് ആകാശ് മഖാരിയ സ്ഥാനമേറ്റത്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിനെട്ട് വയസ്സുള്ള ദളിത് ബിജെപി പ്രവര്‍ത്തകൻ ത്രിലോചൻ മഹാതോയുടെ മരണത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ തൃണമൂൽ സംഘര്‍ഷങ്ങൾക്ക് പിന്നാലെയാണ് രണ്ട് ബിജെപി പ്രവര്‍ത്തകരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.