പണം വാങ്ങി പല മണ്ഡലങ്ങളിലും ബി.ജെ.പി സീറ്റ് വില്‍ക്കുകയാണെന്ന് ആരോപിച്ചാണ് മദ്ധ്യ യു.പിയിലെ ബാരബങ്കി, സീതാപ്പൂര്‍ മേഖലയില്‍ നിന്ന് സീറ്റ് നഷ്‌ടപ്പെട്ടവര്‍ പ്രതിഷേധവുമായി എത്തിയത്. ലക്നൗവിലെ ബി.ജെ.പി ആസ്ഥാനത്ത് മുദ്രാവാക്യം മുഴക്കിയെത്തിയ സീറ്റുമോഹികളും പ്രവര്‍ത്തകരും പാര്‍ടി സംസ്ഥാന അദ്ധ്യക്ഷന്‍ കേശവ് മൗറിയെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. പിന്നീട് അദ്ദേഹത്തിന്റെ വാഹനത്തിന് മുന്നില്‍ കിടന്നു. പ്രശ്നം നേതൃത്വത്തെ അറിയിക്കാമെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ വിശദീകരണം പ്രതിഷേധക്കാര്‍ തള്ളി. പണമുള്ളവന് സീറ്റ് നല്‍കിയെന്നും യഥാര്‍ത്ഥ ബി.ജെ.പിക്കാര്‍ക്ക് സീറ്റ് കിട്ടിയില്ലെന്നും മുന്‍ എം.എല്‍.എ സുന്ദര്‍ ലാല്‍ ദീക്ഷിദ് പറഞ്ഞു.

എന്നാല്‍ പ്രതിഷേധം നാടകമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കേശവ് മൗറിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റിയാണ് പാര്‍ട്ടി അദ്ധ്യക്ഷന് ലക്നൗ ഓഫീസില്‍ നിന്ന് പുറത്തേക്ക് പോകാനായത്. മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മദ്ധ്യ യു.പിയിലെ മണ്ഡലങ്ങളിലും സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്. ഒ.ബി.സി ദളിത് വിഭാഗത്തിന് ബി.ജെ.പി ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദളിത് സമുദായത്തില്‍ നിന്ന് 80 പേരെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ സീറ്റ് നഷ്‌ടപ്പെട്ട നിരവധി നേതാക്കള്‍ അസംതൃപ്തരാണ്. ഇത് ബി.ജെ.പിക്ക് വിമത സ്ഥാനാര്‍ത്ഥികളെ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.