ആരാണ് ബൊപ്പയ്യ? കോണ്‍ഗ്രസും ജെഡിഎസും ഭയക്കുന്നതെന്തിന്?!
ബെംഗളൂരു: കീഴ്വഴക്കങ്ങള്ക്കോ ചട്ടങ്ങള്ക്കോ കര്ണാടക രാഷ്ട്രീയത്തില് സ്ഥാനമില്ല. അധികാര വടംവലിയില് അംഗബലത്തില് മുന്തൂക്കത്തിനായി എന്തും ചെയ്യുമെന്ന അവസ്ഥയാണ് അവിടെ നിലനില്ക്കുന്നത്. നാടകീയതകള്ക്കൊടുവില് ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തിരിക്കുന്നത് ബിജെപി നേതാവും യദ്യൂരപ്പയുടെ വിശ്വസ്തനുമായ കെജി ബൊപ്പയ്യയെയാണ്. അത്ര ശുഭകരമായ ചരിത്രമല്ല അദ്ദേഹത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയ ജീവിതം.
2009-13 കാഘട്ടത്തില് സ്പീക്കറായിരുന്ന അദ്ദേഹത്തിന്റെ ചില നടപടികളാണ് കോണ്ഗ്രസിനും ജെഡിഎസിനും തലവേദന സൃഷ്ടിക്കുന്നത്. യദ്യൂരപ്പ സര്ക്കാര് അന്ന് വിശ്വാസ വോട്ട് തേടിയപ്പോള് ഒറ്റരാത്രി നേരംവെളുക്കുന്നതിനുള്ളില് 11 ബിജെപി എംഎല്മാരെയും അഞ്ച് സ്വതന്ത്ര എംഎല്എമാരേയും ബൊപ്പയ അയോഗ്യരാക്കി. അയോഗ്യത നടപടി പാടില്ലെന്ന അന്നത്തെ ഗവര്ണറുടെ നിര്ദേശം തള്ളിയായിരുന്നു ബൊപ്പയ്യയുടെ നടപടി. തുടര്ന്ന് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്താന് അന്നത്തെ ഗവര്ണര് എച്ച്ആര് ഭരദ്വാജ് ശുപാര്ശ ചെയ്തു.
താല്ക്കാലിക അയോഗ്യതയുണ്ടെങ്കിലും ബിജെപി എംല്എമാര് സുപ്രിം കോടതിയില് നല്കിയ പരിഗണിച്ച സുപ്രിം കോടതി സ്പീക്കര് ബൊപ്പയ്യയുടെ നടപടി റദ്ദാക്കുകയായിരുന്നു. രൂക്ഷമായി സ്പീക്കറുടെ നടപടിയെ വിമര്ശിക്കുകയും ചെയ്തു. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് അല്ത്തമാസ് കബീര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. സഭയിലെ കക്ഷികളുടെ അംഗബലം കുറയ്ക്കാന് സ്പീക്കര് തന്നെ അട്ടിമറി ശ്രമം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. തികഞ്ഞ പക്ഷപാതമാണ് ബൊപ്പയ്യയുടെ നടപടിയെന്നും സുപ്രിംകോടതി വിമര്ശനമുന്നയിച്ചിരുന്നു.
നാടകീയമായിരുന്നു 2010ല് സ്പീക്കറായിരുന്ന ബൊപ്പയ്യയുടെ നടപടി. അന്ന് 117 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന യദ്യൂരപ്പയുടെ ക്യാംപില് നിന്ന് 17 എംഎല്എമാര് മറുപാളയത്തിലേക്ക് ചുവടുമാറി. ഇതോടെയാണ് സ്പീക്കര് ബൊപ്പയ്യ രാവിലെ അഞ്ചരയോടെ ഇവരെ അയോഗ്യരായി പ്രഖ്യാപിക്കുന്നത്. തുടര്ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില് സ്പീക്കര് നാടകം കളിച്ചു. സര്ക്കാരിനെ അനുകൂലിക്കുന്നവര് കൈപൊക്കാന് ആവശ്യപ്പെടുകയും ബഹളത്തിനിടയില് ഭൂരിപക്ഷം തെളിയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
തുടര്ന്ന് 119 എംഎല്എമാരുമായി പ്രതിപക്ഷം രാഷ്ട്രപതിക്ക് മുമ്പില് ഹാജരാകുകയായിരുന്നു. സഭയില് വിപ്പ് ലംഘിച്ചാല് മാത്രം ബാധകമാകുന്ന കൂറുമാറ്റ നിരോധന നിയമത്തിന്റെ ബലത്തിലാണ് ചട്ടവിരുദ്ധമായി എംഎല്എമാരെ അയോഗ്യരാക്കിയതെന്ന് പ്രതിപക്ഷം ഗവര്ണറെ ബോധ്യപ്പെടുത്തി. തുടര്ന്ന് ഗവര്ണര് രാഷ്ട്രപതി ഭരണത്തിന് ശുപാര്ശ ചെയ്യുകയായിരുന്നു. ഇങ്ങനെ സ്പീക്കര് സ്ഥാനത്ത് ഏറെ അവമതിപ്പുകള് സൃഷ്ടിച്ച ബൊപ്പയ്യ കീഴ്വഴക്കം തെറ്റിച്ച് പ്രോടേം സ്പീക്കറായി എത്തുന്നത് കോണ്ഗ്രസിന് തലവേദനയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര് നിയമനത്തിനെതിരെ കോണ്ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നതും. കേസ് ശനിയാഴ്ച രാവിലെ പരിഗണിക്കുമെന്നാണ് സുപ്രിം കോടതി അറിയിച്ചിരിക്കുന്നത്.
