റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രങ്ങൾക്ക് നിരോധനം. ജാർഖണ്ഡിലെ പാലമു ജില്ലാ ഭരണകൂടമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വസ്ത്രങ്ങള്‍ ഉൾപ്പടെ കറുത്ത വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിരിക്കുന്നത്. പാലമുവിൽ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതുയോഗം നടക്കുന്നതിന് മുന്നോടിയായാണ് നിരോധനം.

കറുത്ത വസ്ത്തുക്കളോ  വസ്ത്രമോ ആയി വരുന്നവർക്ക് പരിപാടിയിൽ പ്രവേശനമില്ലെന്ന് പാലമു പൊലീസ് സൂപ്രണ്ട് ഇന്ദ്രജിത് മഹത നേരത്തെ   പറഞ്ഞിരുന്നു. പാരാ-ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്ത് പ്രക്ഷോഭം നടത്തി വരികെ പാലമുവില്‍ പൊതുപരിപാടിക്കെത്തുന്ന മോദിയെ കരിങ്കൊടി കാണിക്കുമെന്ന് അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഭരണകൂടത്തിന്റെ നടപടി. ജാര്‍ഖണ്ഡിൽ ജോലി സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസക്കാലമായി അധ്യാപകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരികയാണ്. 

പരിപാടിയിൽ പങ്കെടുക്കുന്ന കാണികൾക്ക് പുറമേ ഉദ്യോഗസ്ഥർക്കും ഈ നിർദ്ദേശം ബാധകമാണ് ഇന്ദ്രജിത് മഹത പറഞ്ഞു. പാലമുവിന്റെ അയൽപ്രദേശങ്ങളായ ഛത്ര, ലത്താര്‍ ഗര്‍വ എന്നിവിടങ്ങളില്‍ നിന്നും കറുത്ത വസ്തുക്കൾ നീക്കം ചെയ്യാൻ ജില്ലാഭരണകൂടം നിർദ്ദേശം നൽകിട്ടുണ്ട്.