കൊച്ചി: ബൾഗേറിയയിൽ നിന്ന് കേരളത്തിലേക്ക് 58 കോടി രൂപയുടെ കളളപ്പണമെത്തിയ സംഭവത്തിൽ വ്യവസായി അറസ്റ്റിലായി. കൊച്ചി സ്വദേശി ജോസ് ജോർ‍ജിനെ ഹാർബർ പൊലീസാണ് പിടികൂടിയത്.

സൂര്യകാന്തി എണ്ണ കയറ്റുമതിയുടെ പേരിൽ കഴിഞ്ഞ വർഷമാണ് ബർഗേറിയയിൽ നിന്ന് കൊച്ചിയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 58 കോടി രൂപ എത്തിയത്. ബർഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിയിൽ നിന്ന് ജോസ് ജോർജിനെത്തിയ കോടികളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കയറ്റുമതിയേ നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. മുംബൈ തുറമുഖം വഴി കയറ്റുമതി നടത്തിയെന്ന രേഖകൾ വ്യാജമാണെന്നും തെളിഞ്ഞു. ഇത് തിരിച്ചറിഞ്ഞതോടെയാണ് ജോസ് ജോർജിനെ ഫോർട്ട് കൊച്ചി സിഐയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്.

മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയസടക്കം ഇദ്ദേഹം പോയെങ്കിലും ഹർ‍ജി തളളിയിരുന്നു. വിദേശത്തുനിന്ന് എത്തിയ 58 കോടി രൂപ കേന്ദ്ര ഇൻഫോഴ്സ്മെന്‍റും പിടിച്ചെടുത്തിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കിയതെങ്ങനെയാണ് പൊലീസ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് മറ്റാർക്കോവേണ്ടി വ്യാജ കയറ്റുമതിയുടെ മറവിൽ കോടിക്കണക്കിന് രൂപ കേരളത്തിലെത്തിച്ചെന്നാണ് കേന്ദ്ര ഏ‍ജൻസികളും സംശയിക്കുന്നത്.