ചെന്നൈ: തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി പി രാമമോഹനറാവുവിന്റെ മകന്‍ വിവേകിന് ആദായനികുതിവകുപ്പിന്റെ സമന്‍സ്. വിവേകിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത കള്ളപ്പണവും അനധികൃതസ്വത്ത് രേഖകളും സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്.
വിവേകിന്റെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ഭാര്യവീട്ടില്‍ നിന്ന് 24 ലക്ഷം രൂപയുടെ പുതിയ കറന്‍സിയും അഞ്ച് കിലോ സ്വര്‍ണവും ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. വിവേകിന് 15 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനമുണ്ടെന്ന് തെളിയിയ്ക്കുന്ന രേഖകളും ആദായനികുതിവകുപ്പിന് ലഭിച്ചു. മുന്‍ ചീഫ് സെക്രട്ടറി രാമമോഹനറാവുവിന്റെ വസതിയില്‍ നിന്നും ആറ് ലക്ഷത്തോളം രൂപയും നിര്‍ണായക പണമിടപാട് രേഖകളും കണ്ടെടുത്തിരുന്നു.
വന്‍തോതില്‍ കള്ളപ്പണം സൂക്ഷിച്ച വ്യവസായികളായ റെഡ്ഡി സഹോദരന്‍മാരില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് റാവുവിന്റെയും മകന്റെയും വീടുകള്‍ ഉള്‍പ്പടെ 11 ഇടങ്ങളില്‍ റെയ്ഡ് നടന്നത്. ഇതേത്തുടര്‍ന്ന് രാമമോഹനറാവുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു.
