കൊല്ലം: കളളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് സഹകരണബാങ്കുകൾക്കെതിരെ സിബിഐ നടപടി തുടങ്ങി. കൊല്ലത്തെ ആറുബാങ്കുസെക്രട്ടറിമാരെ പ്രതികളാക്കി കേസെടുത്തു.
സിബിഐയുടെ കൊച്ചിയിലെ അഴിമതി വിരുദ്ധ യൂണിറ്റിന്‍റേതാണ് നടപടി. കൊല്ലം ജില്ലയിലെ പന്മന, കടയ്ക്കൽ, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം , ചാത്തന്നൂർ എന്നിവിടങ്ങളിലെ സഹകരണബാങ്കുകളാണ് കളളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയത്. നോട്ടുനിരോധനം വന്നതിന് പിന്നാലെ കഴിഞ്ഞ നവംബർ എട്ടുമുതൽ പതിനഞ്ചുവരെയുളള തീയതികളിലാണ് കളളപ്പണം വെളുപ്പിച്ചത്.
ചില ഇടപാടുകാർ കൊണ്ടുവന്ന നിരോധിച്ച നോട്ട് വാങ്ങിവെച്ചശേഷം പുതിയ നോട്ട് കൈമാറി. ആറു ബാങ്കുകളുടെയും സെക്രട്ടറിമാരെയാണ് എഫ് ഐ ആറിൽ പ്രതികളാക്കിയിരിക്കുന്നത്. ഇവർക്കൊപ്പം ബാങ്കിലെ ചില ജീവനക്കാരും കളളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും അവരെ കണ്ടെത്തേണ്ടതുണ്ടെന്നും പ്രഥമവിവരറിപ്പോർട്ടിലുണ്ട്. ആറു ബാങ്കുകളും കൂടി അറുപത് ലക്ഷത്തിലധികം രൂപ ഇത്തരത്തിൽ മാറ്റിക്കൊടുത്തതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
