മഞ്ചേരി സ്വദേശി മുഹമ്മദ് ജംഷീര്‍, കോഴിക്കോട് നെല്ലിക്കാപ്പറമ്പ് സ്വദേശി ഫസലു റഹ്‍മാന്‍, മാവൂര്‍ സ്വദേശി ഉണ്ണിമോയിന്‍ എന്നിവരാണ് കുഴല്‍ പണവുമായി പൊലീസ് പിടിയിലായത്. ഇവരില്‍ നിന്ന് 52.5 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. മുഹമ്മദ് ജംഷീറില്‍ നിന്ന് 2.50 ലക്ഷം രൂപയും മറ്റുള്ളവരില്‍ നിന്നായി 50 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തതെല്ലാം പുതിയ 2000 രൂപാ നോട്ടുകളാണ്. വ്യാപകമായി കുഴല്‍പണ കൈമാറ്റം നടക്കുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിരുന്നു. പിടിയിലായവര്‍ ഇതര സംസ്ഥാന കുഴല്‍പണ മാഫിയയുമായി ബന്ധമുള്ളവരാണെന്നാണ് പോലീസ് ഭാഷ്യം.