ബംഗളൂരു: പലിശയടച്ചില്ലെന്നാരോപിച്ച് സ്കൂൾ പ്രധാനധ്യാപികയ്ക്ക് ബിജെപി നേതാവിന്‍റെ മർദനം. ബെംഗളൂരുവിലെ ബിജെപി നേതാവ് രാമകൃഷ്ണപ്പയാണ് അധ്യാപികയായ ആശ റാവുവിനെ സ്കൂളിലെത്തി മുഖത്തടിച്ചത്. സിസിടിവി ക്യാമറയിൽ കുടുങ്ങിയ രാമകൃഷ്ണപ്പ അധ്യാപികയുടെ പരാതിയിൽ അറസ്റ്റിലായി. സിംഗനായക ഹളളിയിലെ പ്രീ പ്രൈമറി സ്കൂൾ പ്രധാനധ്യാപികയായ ആശാ റാവുവിനെ കടം മേടിച്ച തുകയ്ക്ക് പലിയടക്കുന്നില്ല എന്നാരോപിച്ചാണ് രാമകൃഷ്ണപ്പ തല്ലിയത്.
സ്കൂൾ നടത്തിപ്പിന് ഇയാളിൽ നിന്ന് എഴുപതിനായിരം രൂപ ആശ വാങ്ങിയിരുന്നു. പത്ത് ശതമാനമായിരുന്നു പലിശ, കഴിഞ്ഞ നാല് മാസമായി അടവ് മുടങ്ങി. പല തവണ പണം തരാൻ രാമകൃഷ്ണപ്പ ആവശ്യപ്പെട്ടു. ഒടുവിൽ സ്കൂളിലെത്തി. ആശയുടെ മുറിയിലെത്തിയ ഇയാൾ അധ്യാപികയോട് ആദ്യം കയർത്തു സംസാരിച്ചു. കൂടുതൽ പ്രകോപിതനായി പൊടുന്നനെ ആശയുടെ മുഖത്തടിക്കുകയായിരുന്നു.
കയ്യിലുണ്ടായിരുന്ന വയറുകൊണ്ടും ഇയാൾ അധ്യാപികയെ തല്ലി.സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് തിങ്കളാഴ്ച നടന്ന സംഭവം വിവാദമായത്. ആശ പൊലീസിൽ പരാതി നൽകി. യെലഹങ്ക യുവമോർച്ച പ്രസിഡന്‍റ് ജനാർദനയുടെ അച്ഛനാണ് രാമകൃഷ്ണപ്പ. ഇയാളും സജീവ ബിജെപി പ്രവർത്തകനാണ്. പരാതിയെത്തിയതോടെ ഇയാൾ ഒളിവിൽ പോയി. മകൻ ജനാർദനയെ പൊലീസ് ചോദ്യം ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ബെംഗളൂരുവിൽ വച്ചുതന്നെ രാമകൃഷ്ണപ്പ പിടിയിലായി.

