Asianet News MalayalamAsianet News Malayalam

ഓപ്പറേഷന്‍ കുബേര വഴിയാധാരം; സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയ

Blade mafias in Kerala
Author
First Published Jan 10, 2017, 6:39 PM IST

Blade mafias in Kerala

നാല് ലക്ഷം വാങ്ങിയ ആൾ 6 ലക്ഷം തിരിച്ചടച്ചിട്ടും ആധാരം മടക്കി നൽകിയില്ല . വീടിന്റെ ആധാരം പണയപ്പെടുത്തി ബ്ലേഡുകാരൻ തട്ടിയത് 30 ലക്ഷം . തട്ടിപ്പിനിരയായത് കോഴിക്കോട് പൊറ്റമ്മൽ സ്വദേശി രാജൻ. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല .

ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്ന സങ്കടത്തോടെയാണ് കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശി രാജന്‍ ഏഷ്യാനെറ്റ് ന്യൂസിനെ സമീപിക്കുന്നത്. വീടും സ്ഥലവും എഴുതി തരണമെന്ന നിബന്ധനയില്‍ മുന്‍ ബിഎസ്എന്‍എല്‍ ജീവനക്കാരാന്‍ കൂടിയായ മീറ്റര് പലിശക്കാരനില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ പെയിന്‍റിംഗ് തൊഴിലാളിയായ രാജന്‍ കടം വാങ്ങിയിരുന്നു. ആറ് ലക്ഷത്തോളം രൂപ ഇതിനോടകം  തിരിച്ചടച്ചെങ്കിലും വീടും സ്ഥലവും തിരികെ നല്‍കിയിട്ടില്ലെന്ന് രാജന്‍ പറയുന്നു. രാജന്‍ എഴുതി നല്‍കിയ വസ്തുവകകള്‍ ഇതിനിടെ ബാങ്കില്‍ പണയപ്പെടുത്തി ബ്ലേഡുകാരന്‍  30 ലക്ഷം രൂപ വായ്പയെടുക്കുകയും ചെയ്തു. പലിശസഹിതം ആ തുക ബാങ്ക് അടച്ചാല്‍ മാത്രമേ  രാജന് വീടുംസ്ഥലവും തിരികെ നല്‍കൂവെന്നാണ് ബ്ലേഡുകാരന്‍റെ ഭീഷണി. പോലീസിലും ഓപ്പറേഷന്‍ കുബേരയിലും പരാതി നല്‍‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.ഓപ്പറേഷന്‍ കുബേരക്കാലത്ത് നിരവധി പരാതികളുയര്‍ന്ന എലത്തൂര്‍ സ്വദേശി വിജയനെ രാജനൊപ്പം ഞങ്ങളും സമീപിച്ചു.

ഓപ്പറേഷന്‍ കുബേരക്കാലത്ത് കോഴിക്കോട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചയാളും ഇപ്പോള്‍ സജീവമാണ്. മുന്‍പ് ഉള്ളതിന്‍റെ ഇരട്ടിയിലധികം പലിശ നിരക്ക് ഏര്‍പ്പെടുത്തി പിഴിയുന്ന ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായും അനുഭവസ്ഥര്‍ പറയുന്നു. ഓപ്പറേഷന്‍ കുബേരയിലെ പോലീസിന്‍റെ ഇടപെടല്‍ ആത്മാര്‍ത്ഥതയോടെയായിരുന്നില്ലെന്നതിനും നിരവധി തെളിവുകളുണ്ട്. ഒത്തുതീര്‍പ്പ് തുകയില്‍ നിന്ന് ഒരു വിഹിതം പോലീസ് കൈപ്പറ്റിയിരുന്നുവെന്ന് പരാതിക്കാരുടെ കൂട്ടായ്മയായ ബ്ലേഡ് വിരുദ്ധസമിതി വെളിപ്പെടുത്തുന്നു. പോലീസിലും ബ്ലേഡ്മാഫിയ ഉണ്ടെന്ന മുന്‍ എസ്പിയുടെ  വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്.  

ഓപ്പറേഷന്‍ കുബേര പ്രകാരം സംസ്ഥാനത്തൊട്ടാകെ നടന്ന റെയ്ഡുകളില്‍   3,240 കേസുകള്‍  രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. പല കേസുകളിലായി 2,032 പ്രതികള്‍ അറസ്റ്റിലുമായി.എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പകുതിപോലും എവിടെയുമെത്തിയിട്ടില്ല.ഈ  സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷവും പരാതികളുയര്‍ന്നെങ്കിലും ഒരു നടപടിയുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ വീണ്ടും ഒരു സമൂഹം ബ്ലേഡ് മാഫിയയുടെ പിടിയിലമര്‍ന്നേക്കാം. നോട്ട് പ്രതിസന്ധിയുടെയും മറ്റും കാലത്ത് ഇത്തരമാഫിയകള്‍ക്ക് വീണ്ടും തഴച്ചുവളരാനുള്ള സാഹചര്യമാണ്  ഇവിടെ ഒരുങ്ങുന്നതെന്നും ഓര്‍മ്മപ്പെടുത്തുന്നു.

Blade mafias in Kerala


 

Follow Us:
Download App:
  • android
  • ios