തിരുവനന്തപുരം: എം ബി ബി എസ് പ്രവേശനത്തിന് ബ്ലാങ്ക് ചെക്ക് വാങ്ങിയാല്‍ തലവരിയായി കണക്കാക്കി നടപടി എടുക്കുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മാനേജ്‌മെന്റുകള്‍ക്ക് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. പ്രവേശനം റദ്ദാക്കിയതിനെതിരെ മൂന്ന് കോളേജുകള്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവച്ചു.
എംബിബിഎസ് പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥികളോട് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് തുക എഴുതാത്ത നാലു ചെക്കുകള്‍ ആവശ്യപ്പെടുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫീസിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ആകാത്തത് മൂലമാണിതെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വിശദീകരണം. ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ജസ്റ്റിസ് രാജേന്ദ്രബാബു മാനേജ്‌മെന്റുകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. കോടതി നിര്‍ദ്ദേശിച്ച ഫീസില്‍ കൂടുതല്‍ ആവശ്യപ്പെടരുത്. ഭാവിയിലെ ഫീസ് കണക്കാക്കി ബ്ലാങ്ക് ചെക്ക് ഈടാക്കിയാല്‍ അത് തലവരിയായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റ് പല മാനേജ്‌മെന്റുകളും വിവിധ ഇനങ്ങളിലായി അമിതഫീസ് വാങ്ങുന്നുവെന്ന പരാതികളും ഉയരുന്നുണ്ട്. ഫീസിലെ അനിശ്ചിതത്വം മുതലാക്കാനുള്ള മാനേജ്‌മെന്റുകളുടെ നീക്കത്തിനാണ് കമ്മീഷന്‍ തടയിട്ടത്.
അതിനിടെ മൗണ്ട് സിയോണ്‍, അല്‍അസര്‍, ഡിഎം വയനാട് എന്നീ കോളേജുകില്‍ പ്രവേശനം നേടിയ 400 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്ക തുടരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം സുപ്രീം കോടതി പ്രവേശനം അസാധുമാക്കിയിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിന്റെ ബഞ്ചില്‍ നിന്നും സ്വാശ്രയ കേസുകള്‍ പരിഗണിക്കുന്ന ബഞ്ചിലേക്ക് മാറ്റിയതിനെ എംസിഐ ചോദ്യം ചെയ്തു. എംസിഐ നടപടി കോടതി അലക്ഷ്യമാണെന്ന് മാനേജ്‌മെന്റുകള്‍ വാദിച്ചു. അഭിഭാഷകര്‍ക്കിടയിലെ തര്‍ക്കം മൂലം കേസ് നാളത്തേക്ക് മാറ്റി.
