തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫിസില്‍ സ്ഫോടനം. വില്ലെജ് ഓഫിസറടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഓഫിസ് രേഖകള്‍ കത്തിനശിച്ചു.

വില്ലെജ് ഓഫിസര്‍ വേണുഗോപാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്ലെജ് ഓഫിസിലേക്ക് എത്തിയ ഒരാള്‍ പൊടിരൂപത്തിലുള്ള എന്തോ വസ്തു കൊണ്ടുവന്നതായും അത് വലിയ തീയും പുകയുമുണ്ടാക്കി കത്തുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ഫോടനശബ്ദമുണ്ടായില്ലെന്നും എന്നാല്‍ ഉദ്യോഗസ്ഥരുടെ നിലവിളി കേട്ടു നോക്കുമ്പോള്‍ വില്ലെജ് ഓഫിസില്‍നിന്നു തീയും പുകയും ഉയരുന്നതാണു കണ്ടതെന്നും പ്രദേശവാസികള്‍ പറയുന്നു.

രാവിലെ 11.15ഓടെ അമ്പതു വയസ് തോന്നിക്കുന്ന ഒരാള്‍ വില്ലെജ് ഓഫിസിലേക്ക് ഓടിക്കയറി വന്നെന്നും ഇയാള്‍ കൊണ്ടുവന്ന പൊടിരൂപത്തിലുള്ള വസ്തു തീയുപയോഗിച്ചു കത്തിക്കുകയായിരുന്നെന്നും വില്ലെജ് ഓഫിസര്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറ‍ഞ്ഞു. ഇയാള്‍ ഹെല്‍മെറ്റ് വച്ചിട്ടുണ്ടായിരുന്നു. പൊടിക്കു തീപിടിച്ച ഉടന്‍ ഓഫിസ് മുഴുവന്‍ പുകയും തീയുംകൊണ്ടു നിറഞ്ഞു. ഓഫിസിന്റെ വാതില്‍ ഇയാള്‍ അടച്ചതിനാല്‍ പുറത്തിറങ്ങാനായില്ല. ടോയ്‌ലെറ്റിനുള്ളില്‍ കയറിയാണു രക്ഷപ്പെട്ടത്. നാട്ടുകാരെത്തി ടോയ്‌ലെറ്റിന്റെ ഭിത്തി വെട്ടിപ്പൊളിച്ചാണ് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്. സംഭവം നടക്കുമ്പോള്‍ അഞ്ചോളം പേരേ വില്ലെജ് ഓഫിസില്‍ ഉണ്ടായിരുന്നുള്ളൂ. സാധാരണ 30 ഓളം പേര്‍ ഉണ്ടാകുന്നതാണ്. അങ്ങനെയായിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടായേനേ എന്നും വില്ലെജ് ഓഫിസര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വില്ലെജ് ഓഫിസില്‍നിന്നു രേഖകള്‍ കിട്ടാത്ത ആരെങ്കിലും പ്രതികാരം ചെയ്തതാണോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലാണ് ആദ്യ അന്വേഷണം. പല സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നിരോധിത സംഘടനകളുടെ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പരുക്കേറ്റ ഉദ്യോഗസ്ഥരില്‍നിന്നു മൊഴിയെടുത്താലേ സംഭവത്തിന്റെ യാഥാര്‍ഥ്യമെന്തെന്ന് അറിയാനാകൂ.

ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാകാം സംഭവത്തിലേക്കു വഴിവച്ചതെന്നാണു ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നത്.

എന്നാല്‍ വില്ലെജ് ഓഫിസുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ യാതൊരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്ന് വില്ലെജ് ഓഫിസര്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.