മോദിയെ കൊല്ലുമെന്ന ഫോണ്‍ സംഭാഷണം വൈറല്‍  കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി വീണ്ടും അറസ്റ്റില്‍

കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന സോഷ്യല്‍മീഡിയയില്‍ വൈറലായ ടെലിഫോണ്‍ സംഭാഷണത്തിനു പിന്നില്‍ 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതിയെന്ന് പൊലീസ്. സംഭവത്തില്‍, മുഹമ്മദ് റഫീഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരനായ പ്രകാശ് എന്നയാളുമായി റഫീഖ് നടത്തിയ എട്ടു മിനിറ്റ് ദൈർഘ്യമുള്ള ടെലിഫോണ്‍ സംഭഷണത്തിലാണ് മോദിയെ കൊല്ലുമെന്ന് പറയുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭാഷണം പ്രധാനമായും സാമ്പത്തിക ഇടപാടുകളെ കുറിച്ചും വാഹനങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാല്‍, പെട്ടെന്ന് റഫീഖ് തങ്ങള്‍ മോദിയെ കൊല്ലാന്‍ തീരുമാനിച്ചെന്ന് പറയുകയായിരുന്നു. 1998ല്‍ എല്‍.കെ അദ്വാനി കോയമ്പത്തൂര്‍ സന്ദർശിക്കാനെത്തിയപ്പോള്‍ ബോംബ് വെച്ചതു പോലെ ചെയ്യുമെന്നും ഇയാളുടെ സംഭഷണ ശകലത്തില്‍ ഉള്ളതായി പൊലീസ് പറയുന്നു. എനിക്കെതിരെ ധാരാളം കേസുകളുണ്ടെന്നും 100ലധികം വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും ഇയാള്‍ സംഭാഷണത്തിനിടെ പറയുന്നുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ റഫീഖിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച പൊലീസ് ഫോണ്‍ സംഭാഷണത്തിന്‍റെ ആധികാരികതയടക്കം പരിശോധിച്ചു വരികയാണ്. കുന്നിയംത്തൂര്‍ സ്വദേശിയായ റഫീഖ് സ്‌ഫോടനക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു.