കൊച്ചി: പിങ്ക് തുവാലയിൽ പൊതിഞ്ഞ് ആറ് ദിവസം പ്രായമുള്ള ചോരകുഞ്ഞ്. ഏക സമ്പാദ്യമായ മൂത്ത മകൾക്ക് കൂട്ടായി ഇവൾ എത്തിയ അന്ന് മുതൽ വേണുഗോപാലിന്റെയും മിനിയുടേയും വീട് ഇതാണ്. ആലുവയിലെ ജനറൽ ആശുപത്രി. തല ചായ്ക്കാൻ ഇടമില്ലാത്തതിനാൽ ആശുപത്രി വീടാക്കിയ അന്ധദമ്പതികൾ മലയാളി മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന കാഴ്ചയാകുന്നു.
കോട്ടയം സ്വദേശി വേണുഗോപാലും ഭാര്യ മിനിയുമാണ് അന്തിയുറങ്ങാൻ ഇടമില്ലാത്തതിനാൽ ദിവസങ്ങൾ പ്രായമുള്ള കുഞ്ഞുമായി ആലുവ ജനറൽ ആശുപത്രിയിൽ കഴിയുന്നത്. വസ്ത്രവും ആഹാരവും വാങ്ങി നൽകിയ ആശുപത്രി ജീവനക്കാരുടെ നൻമത്തണലിലാണ് ഈ കുടുംബമിപ്പോൾ. താമസിച്ചിരുന്ന വാടക വീട് ഒഴിയാൻ ഉടമ പറഞ്ഞതിനാൽ ഇനി അവിടേക്ക് പോകാനാകില്ല. കയ്യിൽ പണമില്ലാത്തതിനാൽ മറ്റൊരു ഇടം കണ്ടെത്താൻ മാർഗവുമില്ല.
സുവിശേഷ പ്രവർത്തകനായ വേണുഗോപാലിന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. താൽകാലിക താമസസൗകര്യം ഒരുക്കാമെന്ന ആലുവ ജനസേവ കേന്ദ്രത്തിന്റെ വാക്കിലാണ് ഇനിയുള്ള പ്രതീക്ഷ. പക്ഷെ അപ്പോഴും ശ്രുതിയുടെ വീടെന്ന വലിയ സ്വപ്‍നം ബാക്കിയാവുന്നു.
