ഇരു കണ്ണുകളും ഇല്ലാതെ മൂന്നു പതിറ്റാണ്ട് കാലം ഗള്‍ഫില്‍ ജോലി. മലപ്പുറത്തുകാരന്‍ ഉമര്‍ ആണ് 39 വര്‍ഷത്തെ വിസ്മയിപ്പിക്കുന്ന ജീവിത കഥയിലെ നായകന്‍. വൈകല്യങ്ങളുള്ള മറ്റുള്ളവര്‍ക്ക് കൂടി ഈ ജീവിതം പാഠമാകുമെന്ന പ്രതീക്ഷയോടെ നാട്ടിലേക്ക് മടങ്ങുകയാണ് ഉമര്‍.
നാല് പതിറ്റാണ്ട് കാലത്തെ അസാധാരണമായ ഗള്‍ഫ് ജീവിതത്തിനു വിരാമം. മലപ്പുറം ഇരുമ്പുഴി സ്വദേശി വടയ്‌ക്കെ തലയ്‌ക്കല്‍ ഉമര്‍ 1978-ലാണ് ജിദ്ദയില്‍ എത്തുന്നത്. അന്ന് മുതല്‍ ഒരു മെഡിക്കല്‍ കമ്പനിയിലാണ് ജോലി. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരു കണ്ണുകളുടെയും കാഴ്ചശക്തി നഷ്‌ടപ്പെട്ടു. ചികിത്സ പലതും നടത്തിയെങ്കിലും ഫലിച്ചില്ല. എങ്കിലും സ്‌പോണ്‍സറുടെയും സഹപ്രവര്‍ത്തകരുടേയും നിര്‍ബന്ധം കാരണം ജോലിയില്‍ തുടര്‍ന്നു. കാഴ്ചയില്ലെങ്കിലും സാധാരണ ജോലിക്കാരെ പോലെ ഓഫീസ് ജോലികളെല്ലാം ചെയ്ത ഉമര്‍ 39 വര്‍ഷത്തിനു ശേഷം മടങ്ങുകയാണ്.
ഉറച്ച മതവിശ്വാസം, നിഴല്‍ പോലെ ഭാര്യ സുഹറയുടെ സാന്നിധ്യം, സഹപ്രവര്‍ത്തകരുടേയും ബന്ധുക്കളുടെയും പ്രോത്സാഹനം. ഇതൊക്കെയാണ് ആത്മഹത്യയില്‍ നിന്ന് വരെ ഉമറിനെ പിന്തിരിപ്പിച്ചത്. മക്കളായ നൂര്‍ബാനുവും നൂറയും കുടുംബസമേതം കഴിയുന്നു. വൈകല്യങ്ങളില്‍ നിരാശയുള്ളവര്‍ക്ക്, അകക്കണ്ണ്‍ കൊണ്ട് മാത്രം താന്‍ നേടിയെടുത്ത ജീവിത വിജയം പ്രതീക്ഷ നല്‍കുമെന്ന വിശ്വാസത്തിലാണ് ഇദ്ദേഹം.
