മധ്യവയസ്‍ക്കനെ തട്ടിക്കൊണ്ടുപോയി സ്‌ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോയെടുത്ത് പണം തട്ടിയകേസില്‍ രണ്ടു പേര്‍ പിടിയിലായി. പാലക്കാട് സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് ഒളിത്താവളത്തില്‍ നിന്നു പിടികൂടിയത്.

കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മലപ്പുറം സ്വദേശിയായ പരാതിക്കാരനെ സ്‌ത്രീകളെ ഉപയോഗിച്ച് ഫോണ്‍ ചെയ്‍തു പ്രലോഭിപ്പിച്ച് വിളിച്ച് വരുത്തുകയായിരുന്നു. പാലക്കാട് മങ്കരയിലെ വാടക വീട്ടിലെത്തിയ ഇയാളെ അപ്പോള്‍ തന്നെ പത്തോളം വരുന്ന സംഘം തടയുകയുമായിരുന്നു. പിന്നീട് പാരാതിക്കാരനെ സ്‌ത്രീയോടൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോ എടുക്കുകയും ചെയ്‍തു. ഫോട്ടോ സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.

കോങ്ങാട്ട് കരിങ്കല്‍ ക്വാറിയിലെ ഷെഡിലാണ് പ്രതികള്‍ ഒളിച്ച് താമസിച്ചിരുന്നത്. തിരുപ്പതി കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്നവരാണ് പ്രതികള്‍. പ്രതികളില്‍ ഒരാളായ മുണ്ടൂര്‍ സ്വദേശി പപ്പന്‍ നേരത്തെ പിടിയിലായിരുന്നു. സ്‌ത്രീ അടക്കമുള്ള മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.