അഞ്ചുതെങ്ങിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ലാസർ, സഹായ രാജു എന്നിവരാണ് മരിച്ചത്. 

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശികളായ ലാസർ, സഹായ രാജു എന്നിവരാണ് മരിച്ചത്. ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ബാക്കി നാല് പേർ രക്ഷപ്പെട്ടു.

രാവിലെ ആറുമണിക്കാണ് അഞ്ചുതെങ്ങ് സ്വദേശി ഡെയ്സിലിൻറെ ഉടമസ്ഥതയിലുള്ള ബോട്ട് മത്സ്യബന്ധത്തിനായി പുറപ്പെട്ടത്. ബോട്ടുടമയുള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. തീരത്തുനിന്നും 50 മീറ്റർ ബോട്ടെത്തിയപ്പോഴാണ് ശക്തമായ തിരയടിച്ചത്. ബോട്ട് കീഴമേൽ മറിഞ്ഞു. മരിച്ച രണ്ടുപേരും ബോട്ടിനുള്ളിലായി. നാലുപേർ ബോട്ടിനും മുകളിൽ പിടിച്ചു കിടന്നു.

മറ്റ് ബോട്ടുകളെത്തിയാണ് നാലുപേരെയും രക്ഷപ്പെടുത്തിയ ബോട്ടിനടയിൽപ്പെട്ട അഞ്ചു തെങ്ങ് സ്വദേശികളായ ലാസറിനെയും സഹായ രാജുവിനെ പുറത്തെടുത്തപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നതായി പൊലീസ് പറയുന്നു. പരിക്കേറ്റ മത്സ്യ തൊഴിലാളികള്ക്ക് ചിറയിൻകീഴ് സർക്കാർ ആശുപത്രിയിലെ ചികിത്സ നൽകി.