ആലപ്പുഴ: ബോട്ട് സര്‍വ്വീസ് നിര്‍ത്തിയതിനാല്‍ യാത്രക്ലേശം അനുഭവിക്കുകയാണ് കുട്ടനാടന്‍ മേഖലയിലെ യാത്രക്കാര്‍. പായിപ്പാട്ട് നിന്ന് ആലപ്പുഴക്കും, കാരിച്ചാലില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്കുമുള്ള രണ്ട് ബോട്ടുകളാണ് സര്‍വ്വീസ് നിര്‍ത്തിയത്. ഇരു ബോട്ടുകളും രാവിലെയും വൈകിട്ടുമായി രണ്ട് നേരങ്ങളിലാണ് സര്‍വ്വീസ് നടത്തിയിരുന്നത്. പായിപ്പാട് നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് രാവിലെ 7.45 ന് പുറപ്പെട്ട് രാത്രി 7.45 ന് തിരികെ എത്തും.

കാരിച്ചാലില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബോട്ട് രാവിലെ 5.30 ന് സര്‍വ്വീസ് നടത്തി വൈകിട്ട് 5.30 ന് തിരികെയെത്തിയിരുന്നു. ഈ സര്‍വ്വീസുകളാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിര്‍ത്തലാക്കിയത്. ഇതോടെ കര്‍ഷകത്തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലായി. ഒപ്പം ജലഗതാഗതത്തെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രക്കാരും കര ഗതാഗതം സുഗമമല്ലാത്ത പ്രദേശവാസികളും വീയപുരം ഗ്രാമ പഞ്ചായത്തിലെ പായിപ്പാട്, (അക്കര മുറിഞ്ഞപുരക്കല്‍) കാരിച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നത്. 

തൊഴിലാളികള്‍ കുട്ടനാടന്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ തൊഴില്‍ തേടിപോയിരുന്നതും. കൂടാതെ മത്സ്യ വിപണനം നടത്തുന്നതിന് മത്സ്യ തൊഴിലാളികള്‍ യാത്രക്കായി ആശ്രയിച്ചതും ഈ ബോട്ട് സര്‍വ്വീസുകളെ ആയിരുന്നു. ചെറുതന, ആയാപറമ്പ്, കുറിച്ചിക്കല്‍, തണ്ടപ്ര, കുന്നുമ്മ, തകിഴി, പുളിങ്കുന്ന്, പുല്ലങ്ങടി, ചമ്പകുളം, മങ്കൊമ്പ്, കാവാലം, നെടുമുടി എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാവുന്ന സര്‍വ്വീസുകളാണ് നിര്‍ ത്തലാക്കിയത്. നല്ല വരുമാനമുള്ള സര്‍വ്വീസുകളായിരുന്നു ഇത്. 

ബോട്ടുകള്‍ ആവശ്യത്തിന് ഇല്ലാത്തതാണ് ബോട്ടുകള്‍ പിന്‍ വലിക്കാന്‍ പ്രധാന കാരണം. ഈ ബോട്ടുകളാകട്ടെ കുട്ടനാടിന്റെ തന്നെ മറ്റ് പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുമുണ്ട്. ലക്ഷകണക്കിന് രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ബോട്ട് ജെട്ടികള്‍ നോക്കുകുത്തികളായിരിക്കുകയാണ്. കാല പഴക്കത്താല്‍ ഇഴഞ്ഞ് നീങ്ങുന്ന ബോട്ടുകള്‍ മാറ്റി എഞ്ചിന്‍ കപ്പാസിറ്റിയുള്ള പുതിയ ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയാല്‍ കുട്ടനാടന്‍ ഭംഗി ആസ്വദിക്കാന്‍ വിദേശ സഞ്ചാരികളോടൊപ്പം തദ്ദേശ സഞ്ചാരികളേയും ലഭിക്കും. അതോടൊപ്പം നിലവിലുള്ള വരുമാനത്തെ മറികടന്ന് കൂടുതല്‍ വരുമാനവും ലഭിക്കും. ഒപ്പം കാര്‍ഷിക മേഖലയേയും, മത്സ്യ മേഖലയേയും ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസകരവുമായിരിക്കും ബോട്ട് സര്‍വ്വീസുകള്‍.