സ്റ്റോക്‌ഹോം: നോബേൽ പുരസ്കാരം സ്വീകരിക്കാൻ ഗായകൻ ബോബ് ഡിലൻ എത്തില്ല.നേരത്തെ ഏറ്റ ചില പരിപാടികൾ ഒഴിവാക്കാൻ പറ്റാത്തതിനാൽ അടുത്ത മാസം നടക്കുന്ന പുരസ്കാര ദാന ചടങ്ങിനെത്താൻ കഴിയില്ലെന്ന് ഡിലൻ സ്വീഡിഷ് അക്കാദമി അതികൃതരെ അറിയിച്ചു. നോബേൽ പുരസ്കാരവുമായുള്ള ഒളിച്ചു കളി റോക്ക് സംഗീത കുലപതി ബോബ് ഡിലൻ തുടരുകയാണ്.
ആ കളിയിൽ ഏറ്റവും ഒടുവിലത്തേത് ലോകമെമ്പാടുമുള്ള തന്റെ കോടിക്കണക്കിന് ആരാധകരെ ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. ചരിത്രത്തിലാദ്യമായി ഗാനരചനക്ക് ലഭിച്ച സാഹിത്യ നോബേൽ പുരസ്കാരം ഏറ്റുവാങ്ങാൻ ഡിലൻ എത്തില്ല. നേരത്തെ ഏറ്റ ചില പരിപാടികൾ ഒഴിവാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിലന്റെ പിന്മാറ്റം. ഇക്കാര്യത്തിൽ സ്വീഡിഷ് അക്കാദമിയിൽ നിന്ന് സ്ഥിരീകരണവും വന്നു. അടുത്ത മാസം 10ന് നടക്കുന്ന ചടങ്ങിന് എത്തില്ലെന്ന് ഡിലൻ അറിയിച്ചതായി അക്കാദമി പറഞ്ഞു.
പുരസ്കാരം പ്രഖ്യാപിച്ച ദിവസം മുതൽ അക്കാദമി പിടിച്ച പൊല്ലാപ്പ് ചെറുതല്ല. പുരസ്കാരം ഡിലനാണെന്നറിയച്ച് ഫോണ്‍ വിളിക്കുകയും നിരവധി കത്തുകളയക്കുകയും ചെയ്തപ്പോഴും ഡിലനിൽ നിന്ന് പ്രതികരണമെന്നുമുണ്ടായില്ല. ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായത്. പുരസ്കാര വാര്‍ത്ത തന്നെ സ്തബ്ദനാക്കിയെന്നും പുരസ്കാരം സ്വീകരിക്കാനുമെത്തുമെന്ന് പറഞ്ഞത് അക്കാദമിക്കും ആറാധകര്‍ക്കും നൽകിയത് വലിയ ആശ്വാസമാണ്.
എന്നാൽ അതെല്ലാം തകര്‍ത്ത് കളയുന്നതാണ് ഡിലന്റെ ഇപ്പോഴത്തെ പ്രഖ്യാപനം.അമേരിക്കൻ സംഗീതത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് ഡിലന് പുരസ്കാരം നൽകാൻ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്. സാഹിത്യത്തിനുള്ള നേബേൽ പുരസ്കാരം സ്വീകരിക്കാനെത്താത്ത ആദ്യ വ്യക്തിയല്ല ഡിലൻ. ഇക്കാര്യത്തിൽ ബോറിസ് പാസ്റ്റര്‍നാകും ഷാൻ പോൾ സാര്‍ത്രയുമാണ് ഡിലന്റെ മുൻഗാമികൾ. അതേസമയം ഡിലൻ മനസ്സുമാറ്റുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകരെല്ലാം.
