കൂലി ചോദിച്ച 16കാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഓടയില്‍ തള്ളി
ദില്ലി: 16കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഓടയില് തള്ളി. സോണി കുമാരി എന്ന പെണ്കുട്ടിയാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ മിയാന്വാലിയിലുള്ള ഓവുചാലില് നിന്നാണ് കഷണങ്ങളാക്കിയ മൃതശരീരം വിവിധ പ്ലാസ്റ്റിക് കവറുകളില് കണ്ടെത്തിയത്.
വീട്ടുജോലിക്കായി കൊണ്ടുവന്നവരോട് കൂലി ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില് മഞ്ജീത് സിങ് കര്ക്കട്ടെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂട്ടോ വാല ഗാലയിലെ വാടക വീട്ടില് നിന്നാണ് ഇയാളെ പിടികൂടിയത്.
സോണി കുമാരി മൂന്ന് വര്ഷം മുമ്പാണ് ജോലിക്കായി ദില്ലിയിലെത്തിയത്. പ്രതി മഞ്ജീതാണ് പെണ്കുട്ടിയെ ദില്ലിയിലെത്തിച്ചത്. കൈലാസിനടുത്തുള്ള ഒരു വീട്ടില് അവള്ക്ക് ജോലി തരപ്പെടുത്തി നല്കുകയും ചെയ്തു. സോണിയുടെ ശമ്പളം വാങ്ങിയിരുന്നത് മഞ്ജീത് ആയിരുന്നു. എന്നാല് കഴിഞ്ഞ വര്ഷം വീട്ടിലേക്ക് പോകാനായി സോണി ശമ്പളം ആവശ്യപ്പെട്ടു.
ആവശ്യം ശക്തമായപ്പോള് പെണ്കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അനുനയിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴങ്ങാതായതോടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മെയ് മൂന്നിനായിരുന്നു സംഭവം. തുടര്ന്ന് സുഹൃത്തുക്കളായ ശാലു, ഗൗരി എന്നിവരുടെ സഹായത്തില് മൃതശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറില് നിറച്ച് ഓടയില് തള്ളുകയായിരുന്നു. വേര്പെട്ടു കിടന്ന തല ചേര്ത്തുവച്ചാണ് മൃതശരീരം തിരച്ചറിഞ്ഞതെന്ന് ഡിസിപി രാജേന്ദര് സിങ് സാഗര് പറഞ്ഞു.
പ്രദേശത്തെ സിസിടിവി ക്യാമറകള് പരിശോധിച്ചതില് നിന്നാണ് പ്ലാസ്റ്റിക് കൂടുകളുമായെത്തുന്ന പ്രതികളെ തിരിച്ചറിഞ്ഞത്. 200 വീടുകളില് ഫോട്ടോയുമായി നടത്തിയ തിരിച്ചറിയല് പരേഡില് നിന്നാണ് പെണ്കുട്ടി ജോലി ചെയ്ത സ്ഥലം കണ്ടെത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്കുട്ടികളെ വീട്ടുജോലിക്കായി കൊണ്ടുവരാറുണ്ടെന്നും കൊല ചെയ്തത് താനാണെന്നും മഞ്ജിത് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
