പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം പന്തളത്ത് പൊതുദർശനത്തിന് വയ്ക്കില്ല.  സമാധാനപരമായ വിലാപ യാത്രയ്ക്ക് വേണ്ടിയാണ് തീരുമാനം. രാവിലെ കർമ്മസമിതി പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി. പന്തളത്ത് നിന്ന് കുരമ്പാലയിലേക്ക് കൽനട യാത്രയായി വിലാപയാത്ര നടത്തും. വൈകിട്ട് കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്കാരം .

പന്തളത്ത് ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം ഓഫീസിന് മുകളിൽ നിന്നുണ്ടായ കല്ലേറിൽ  പരിക്കേറ്റിരുന്നു. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം  കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.  

ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മൃതദേഹം  പന്തളത്ത് പെതു ദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്ര നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അക്രമ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് പൊതു ദര്‍ശനം വേണ്ടെന്ന് വച്ചത്. പന്തളത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.