ആലപ്പുഴ പള്ളിപ്പുറത്ത് പറമ്പിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥനായ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്.

 ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറത്ത് പറമ്പിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥനായ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്. ഇയാളെ കോട്ടയത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ജയ്നമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ജയ്നമ്മയുടെ ഫോൺ പ്രതി സബാസ്റ്റ്യൻ സൂക്ഷിച്ചിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 

ഈരാറ്റുപേട്ടയിലെ കടയിൽ വച്ച് രഹസ്യമായി ഫോൺ ചാർജ് ചെയ്യാൻ ഓൺ ചെയ്തതിനെ തുടർന്ന് ഇതിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. കടയിൽ സെബാസ്റ്റ്യൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്ന ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു മൊബൈൽ ഫോൺ. അതേ സമയം, ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും സെബാസ്റ്റ്യന് മറുപടിയില്ല. ജൈനമ്മയുടെ സഹോദരൻ സാവിയോ സഹോദരി ആൻസി, ആൻസിയുടെ ഭർത്താവ് ഷാജി എന്നിവർ ക്രൈം ബ്രാഞ്ച് ഓഫീസിൽ. ഡിഎൻഎ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ഇവർ എത്തിയത്.