തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

എറണാകുളം: എറണാകുളം കുമ്പളത്തെ ശകുന്തള കൊലക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ശകുന്തളയുടെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ കണ്ടെടുത്ത് പത്ത് ദിവസത്തിന് ശേഷം സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

പത്ത് മാസത്തോളം പഴക്കമുണ്ടായിരുന്ന അസ്ഥികൂടമാണ് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. കൊലനടത്തിയ ശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കായലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച വീപ്പ കരയ്ക്ക് കൊണ്ടുവന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

മൂന്നുമാസത്തോളം കേസിന് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹത്തിന്റെ കാലില്‍ ഓപ്പറേഷന്‍ ചെയ്ത് സ്റ്റീല്‍ ഇട്ടിരുന്നു. ഈ തെളിവാണ് പോലീസിന്റെ പിടിവള്ളിയായത്. മൃതദേഹം കിട്ടി പത്തു ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ വീട്ടിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന ഉറപ്പില്‍ ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പറയുന്നു. 

സജിത്തിന് ശകുന്തളയുടെ മകളുമായി അടുപ്പമുണ്ടായിരുന്നെന്നും ഇത് ചോദ്യം ചെയ്തതാകാം കൊലപാതകത്തിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയിലൂടൊണ് ശകുന്തളയെ തിരിച്ചറിഞ്ഞത്.