കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാർത്ഥികൾക്ക് നേരെ ബോംബേറ്. നാദാപുരം എം ഇ ടി കോളജിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ബോംബേറിൽ പരിക്കേറ്റു. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പരിപാടിക്കിടെ ഉണ്ടായ സംഘർഷങ്ങളാണ് ബോംബേറിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവ്വകലാശാലയിലെ കോളജുകൾക്ക് കീഴിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ നാദാപുരം എം ഇ ടി കോളജിൽ ഒരു സീറ്റ് ഒഴികെ മുഴുവൻ സീറ്റുകളിലും എം എസ്എഫ് വിജയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ വിജയാഹ്ളാദ പ്രകടനവും തുടർന്നുണ്ടായ സംഘർഷങ്ങളുമാണ് ബോംബേറിൽ കലാശിച്ചത്.
കോളജിന് പുറത്തേക്ക് നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെ വിദ്യാർത്ഥികൾ വിവിധ നിറങ്ങളിലുള്ള പൊടി വാരി വിതറിയിരുന്നു. ഇത് വഴി യാത്രക്കാരുടെ ദേഹത്താവുകയും തുടർന്ന് നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ സംഘർമുണ്ടാവുകയുമായിരുന്നു. ,സംഘർഷത്തിൽ നിസാര പരിക്കേറ്റ നാല് കുട്ടികളെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് എത്തി രംഗം ശാന്തമാക്കി.
വിദ്യാർത്ഥികൾ പിരിഞ്ഞ് പോകുന്നതിനിടയിലേക്കാണ് ബോംബേറുണ്ടായത്. മുഹമ്മദ്, മുഹമ്മദ് റാഷിക്ക്, മുഹമ്മദ് സാലിഹ് എന്നീ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണ് വിദ്യാർത്ഥികൾക്ക് നേരെ ബോംബ് എറിഞ്ഞതെന്ന് ലീഗ് പ്രവർത്തകർ ആരോപിക്കുന്നു.
