ചോമ്പാല പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്റ്റേഷന് പുറകിൽ മാലിന്യങ്ങൾക്കിടയിൽ കിടന്ന ബോംബാണ് പൊട്ടിയത്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയ്ക്ക് അടുത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. ചോമ്പാല പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്റ്റേഷന് പുറകിൽ മാലിന്യങ്ങൾക്കിടയിൽ കിടന്ന ബോംബാണ് പൊട്ടിയത്. ഇതോടെ സമീപത്തെ കെട്ടിടത്തിന് വിള്ളലുണ്ടായിട്ടുണ്ട്.

ഇന്നലെ കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം നടന്നിരുന്നു. മാലിന്യങ്ങൾക്കിടയിൽ കിടന്ന സ്റ്റീൽ ബോംബ് പൊട്ടുകയായിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സിപിഎം ഏരിയാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി കെ ലോഹിതാക്ഷന്‍റെ ഉടമസ്ഥതയിൽ ഉള്ള ഹോട്ടലിന് സമീപമാണ് സ്ഫോടനം നടന്നത്.

കഴിഞ്ഞ പത്താം തിയതി പേരാമ്പ്രയില്‍ ബിജെപി - സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു. കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ പത്താം തിയതി രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുവരും കല്ലോട്ടുള്ള കട പൂട്ടി വീട്ടിലേക്ക് പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുനെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.