പൊലീസുകാർ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകൾ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികൾ എറിഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാർ ചിതറിയോടി.

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞു. പൊലീസുകാർ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകൾ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികൾ എറിഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാർ ചിതറിയോടി. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിഞ്ഞു.

നെടുമങ്ങാട്ടെ സിപിഎം കൗൺസിലർമാരുടേയും സിപിഎം നേതാക്കളുടേയും വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. തുടർന്ന് ബിജെപി കൗൺസില‍ർമാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഇരുവിഭാഗത്തിന്‍റേയും വീടുകൾക്ക് നേരെ പരക്കെ ആക്രമണം നടന്നു. സംഘർഷം പരിസരപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ആക്രമണ പരമ്പര തുടരുന്നു. വൻ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. എന്നിട്ടും നിയന്ത്രണാതീതമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൈവിട്ടുപോയതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 

രാവിലെ ഒരു സ്വകാര്യബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓടിക്കാനെത്തിയ ബിജെപി, ശബരിമല ക‍ർമ്മസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് വിരട്ടിയോടിച്ചിരുന്നു. ഇവരെ വിരട്ടിയോടിക്കാൻ ശ്രമിച്ച പൊലീസിന് നേരെ ബിജെപി പ്രവ‍ർത്തകർ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ എസ്ഐക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. തുടർന്ന് പിടിയിലായ അക്രമികളെ പൊലീസിനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ രക്ഷപ്പെടുത്തിക്കൊണ്ട് പോയി. അറസ്റ്റിലായ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് എത്തിയ ബിജെപി പ്രവർ‍ത്തകർക്ക് എതിരെ മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകരും എത്തി. 

തുടർന്ന് സ്റ്റേഷന് മുന്നിൽ ബിജെപി, ശബരിമല കർമ്മസമിതി പ്രവ‍ത്തകരും സിപിഎം പ്രവ‍ർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടയിലാണ് പൊലീസുകാർ നിന്ന ഭാഗത്തേക്ക് ബോംബുകൾ വീണുപൊട്ടിയത്.