ശ്വാസം കിട്ടാതെ നവജാത ശിശുക്കര്‍ മരിച്ച് വീഴുമ്പോഴും ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കുട്ടികളുടെ ഐ.സി.യുവില്‍ കയറി സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന. നവജാത ശിശുക്കളടക്കം ചികിത്സ തേടുന്ന തീവ്രപരിചരണ വിഭാഗത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഓക്‌സിജനില്ലാത്തതിനാലല്ല കുട്ടികള്‍ മരിച്ചതെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം ദൃക്‌സാക്ഷികള്‍ തള്ളി
50 ഓളം നവജാത ശിശുക്കള്‍ മസ്തിഷ്ക ജ്വരത്തിന് ചികില്‍സയില്‍ കഴിയുന്ന ഐ.സി.യുവിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ പരിശോധന. ബോംബ് സ്ക്വാഡിലെ അംഗങ്ങളാണ് മെറ്റല്‍ ഡിറ്റക്റ്റക്ടറുമായി ഐ.സി.യുവിനകത്ത് കടന്നത്. അണുബാധ അടക്കമുള്ളവ മരണത്തിലേക്ക് നയിക്കാനുള്ള സാഹചര്യമുള്ളപ്പോഴാണ് ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ വാര്‍ഡുകളില്‍ കയറി ഇറങ്ങുന്നത്.
ഓക്‌സിജന്‍ ഇല്ലാത്തതല്ല കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ദൃക്‌സാക്ഷികള്‍ തള്ളി. ആ ദിവസങ്ങളില്‍ ഓക്‌സിജനായി രോഗികളേയും കൊണ്ട് പരക്കം പായുകയായിരുന്നുവെന്ന് രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു.

