കണ്ണൂര്‍: കണ്ണൂര്‍ മുണ്ടേരിയില്‍ സി പി എം പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറിഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം ബോംബെറിഞ്ഞത്. അക്രമത്തിന് പിറകില്‍ ബിജെപി - ആര്‍ എസ് എസ് സംഘമാണെന്ന് സി പി എം ആരോപിച്ചു.

ബോംബേറിനെത്തുടര്‍ന്ന് വീടിന്റെ ജനല്‍ച്ചില്ലുകളും ചുമരും വാതിലും മേല്‍ക്കൂരയും വരെ തകര്‍ന്ന നിലയിലാണ്. വീടിന്റെ മുന്‍ഭാഗത്ത് സാരമായ കേടുപാടുകളുണ്ടായി. സി പി എം ഏരിയാ കമ്മിറ്റിംഗം ചന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി രണ്ട് മണിയോടെ ബൈക്കിലെത്തിയ അഞ്ചു പേര്‍ വരുന്ന സംഘമാണ് ബോംബെറിഞ്ഞതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ആര്‍ എസ് എസ് ആണ് അക്രമത്തിന് പിറകിലെന്നാണ് ആരോപണം. അതേസമയം രാഷ്ട്രീയ സംഘര്‍ഷങ്ങളില്ലാത്ത ഈ മേഖലയില്‍ ഇത്തരമൊരു ആക്രമണം നടന്നതിന് പിറകില്‍ ദുരൂഹതയുണ്ട്. പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഉഗ്രശേഷിയുള്ള ബോബംണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കി.