നെയ്യാറ്റിന്‍കര: ബോണക്കാട് കുരിശുമലയില്‍ അള്‍ത്താരയും രണ്ട് കുരിശുകളും തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് നെയ്യാറ്റിന്‍കര രൂപത. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തില്‍ ഉപവാസമാരംഭിക്കും. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസേപാക്യം രാവിലെ 11 മണിക്ക് ഉപവാസം ഉദ്ഘാടനം ചെയ്യും. കുരിശു പൊളിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് നെയ്യാറ്റിന്‍കര രൂപതയുടെ ആരോപണം. 

വനമേഖലയില്‍ സ്ഥാപിച്ച രണ്ട് കുരിശുകള്‍ നേരത്തെ വനം വകുപ്പ് നീക്കം ചെയ്തിരുന്നു. എന്നാല്‍ ബാക്കി കുരിശുകള്‍ എടുത്തുമാറ്റണമെന്ന ആവശ്യം വിശ്വാസികള്‍ അംഗീകരിക്കാത്തതിനാല്‍ പൊളിക്കുന്നതില്‍ നിന്ന് വനം വകുപ്പ് പിന്‍മാറിയിരുന്നു. അതിനിടെയാണ് കുരിശുമലയിലെ രണ്ട് കുരിശുകളും അള്‍ത്താരയും തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. ബോണക്കാട് കുരിശുമലയിലെ കുരിശും അള്‍ത്താരയും പൊളിച്ചത് വനം വകുപ്പാണെന്നാണ് രൂപതയുടെ ആരോപണം.

എന്നാല്‍ കുരിശ് നീക്കം ചെയ്തത് തങ്ങളല്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ഉദ്യോഗസ്ഥതലത്തിലും രുപത പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും പ്രശ്ന പരിഹാരമുണ്ടായില്ല എന്നാണ് നെയ്യാറ്റിന്‍കര രൂപതയുടെ വാദം. സഭ പ്രതിഷേധം കടുപ്പച്ചതിനിടെ വനംമന്ത്രി കെ രാജുവുമായി രൂപത പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തും