തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം മയപ്പെടുത്തി ലത്തീന്‍ സഭ. അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും നാളത്തെ ഉപവാസ സമരം പിൻവലിച്ചതായും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം അറിയിച്ചു. വനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ലത്തീന്‍ സഭ പ്രതിനിധികളുടെ പ്രതികരണം.
നിയന്ത്രണ വിധേയമായി ആരാധന സ്വാതന്ത്ര്യം അനുവദിക്കാനും. കുരിശുമായി പോകാൻ അനുവദിക്കില്ലെന്നും, എന്നാൽ വിശേഷ ദിവസങ്ങളിൽ വിശ്വാസികൾക്ക് ആരാധന നടത്താൻ അനുമതി നൽകാനും യോഗത്തില്‍ തീരുമാനമായി. കോടതി ഉത്തരവ് നിലനിക്കുന്നതിനാൽ നിർമാണം നടത്താൻ കഴിയില്ല. അതിനാൽ കുരിശു സ്ഥാപിക്കാൻ ആകില്ല എന്ന് സഭ പ്രതിനിധികളെ അറിയിച്ചതായും വനം മന്ത്രി കെ രാജു വ്യക്തമാക്കി.
ബോണക്കാട് കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ലത്തീൻ സഭ ആഹ്വാനം ചെയ്തിരുന്നു. പൊലീസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും നീതികിട്ടുംവരെ സമരം ചെയ്യണമെന്നും നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് കീഴിലുളള ദേവാലയങ്ങളിൽ വായിച്ച ഇടയലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു.
