ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധവും ഉലയുന്നു. ജര്‍മ്മനിയില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ചൈനീസ് പ്രസിഡന്‍റ് ഷീന്‍ ജീന്‍ പിങും നിശ്ചയിച്ചിരുന്ന കൂടികാഴ്ച റദ്ദാക്കി. ചര്‍ച്ചയ്ക്കുള്ള അനുകൂല സമയമല്ലെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. എന്നാല്‍ അനൗപചാരിക ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ അതിര്‍ത്തി തര്‍ക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സ്വതന്ത്ര സിക്കിം മുന്നേറ്റത്തെ പിന്തുണക്കുമെന്ന് ഇന്ത്യക്ക് ചൈനയുടെ ഭീഷണി വന്നു. ചൈനീസ് മുഖപത്രമായ ഗ്ളോബൽ ടൈംസിലൂടെയാണ് ചൈനയുടെ മുന്നറിയിപ്പ്. സിക്കിമിനൊപ്പം ഭൂട്ടാനെയും ഇന്ത്യക്കെതിരെ തിരിക്കാനും നീക്കം. കൈലാസ യാത്ര സംബന്ധിച്ച ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ചൈന വ്യക്തമാക്കി. 

സിക്കിം അതിര്‍ത്തിയിൽ ഇന്ത്യക്കും ചൈനക്കും ഇടയിലെ തര്‍ക്കം ഓരോ ദിവസം പിന്നിടുമ്പോഴും കൂടുതൽ രൂക്ഷമാവുകയാണ്. തന്ത്രപ്രധാന മേഖലയായ ട്രൈജംഗ്ഷനിൽ വരുന്ന പ്രദേശത്ത് ചൈന നടത്തുന്ന ഇടപെടൽ അനുവദിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അതിര്‍ത്തി തര്‍ക്കത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ചൈന നൽകിയത്. 

ഔദ്യോഗിക ദിനപത്രമായ ഗ്ളോബൽ ടൈംസിലൂടെ ഇന്ത്യക്കെതിരെ പുതിയ ഭീഷണിമുഴക്കുകയും ചെയ്തു. സ്വതന്ത്ര സിക്കിം മുന്നേറ്റങ്ങളെ 1960 ലും 1970 ലും അതിക്രൂരമായാണ് ഇന്ത്യ അടിച്ചമര്‍ത്തിയെന്ന് ഗ്ളോബൽ ടൈംസിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നു. സ്വതന്ത്ര സിക്കിം മുന്നേറ്റത്തെ വേണ്ടിവന്നാൽ ചൈന പുതിയ സാഹചര്യത്തിൽ പിന്തുണക്കും. സിക്കിം മുന്നേറ്റത്തെ പിന്തുണക്കണമെന്ന ആവശ്യം ചൈനീസ് സമുഹൂത്തിനുള്ളിൽ ശക്തമാണ്. 

ദലൈലാമ കാര്‍ഡ് ഇനിയും ചിലവാകില്ലെന്നും ചൈന താക്കീത് നൽകുന്നു. സ്വതന്ത സിക്കിംഗ് വാദത്തെ പിന്തുണച്ച് ഇന്ത്യക്കെതിരെ പുതിയ തന്ത്രമാണ് ചൈന ആലോചിക്കുന്നത്. കൂടാതെ ഭൂട്ടാന്‍റെ നയതന്ത്രണ, പ്രതിരോധ പരമാധികാരം പുനഃസ്ഥാപിക്കാനാണ് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ ഉറപ്പിക്കാനും ചൈന ശ്രമിക്കുമെന്നും ഔദ്യോഗിക പത്രത്തിന്‍റെ മുഖപ്രസംഗം പറയുന്നു. ഇത്തരത്തിൽ സിക്കിമിനൊപ്പം ഭൂട്ടാന്‍റെയും ഇന്ത്യക്കെതിരെ തിരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇതിനിടെ കൈലാസ യാത്ര സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ചക്ക് തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.