കമ്പംമെട്ടില്‍ എക്‌സൈസ് സംഘത്തിന് പരിശോധനക്കായി കണ്ടെയ്നര്‍ മൊഡ്യൂള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതോടെയാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടായത്. വനഭൂമിയിലാണെന്നായിരുന്നു തമിഴ്നാട് വനംവകുപ്പിന്റെ വാദം. ഇതു വകവയ്‌ക്കാതെ കണ്ടെയ്നര്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് വനംവകുപ്പ് ചെക്പോസ്റ്റ് അടച്ച് രണ്ടു മണിക്കൂറോളെ ഗതാഗതം തടസ്സപ്പെടുത്തി.  ഇതേത്തടര്‍ന്ന് ഇടുക്കി, തേനി ജില്ലാ കളക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ-സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ പ്രാഥമിക സര്‍വ്വേ നടത്തി. 
 
തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. മാര്‍ച്ച് അഞ്ചിന് മുമ്പ് രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ വെവ്വേറേ സര്‍വ്വേ നടത്തും. ഇതിനു ശേഷം ആറാം തീയതി സംയുക്ത സര്‍വ്വേ നടത്തി തര്‍ക്കം പരിഹരിക്കാന്‍ തീരുമാനമായി.  ഇതുവരെ കമ്പംമെട്ടില്‍ സ്ഥാപിച്ച കണ്ടെയ്നര്‍ നീക്കണമെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ സ്ഥാപിച്ചതായതിനാല്‍ മാറ്റില്ലെന്ന് എക്‌സൈസ് വകുപ്പ് ശക്തമായ നിലപാടെടുത്തതോടെ അവര്‍ പിന്മാറി. സംഘര്‍ഷ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.