രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്.

മൊഹാലി: 12-ാം ക്ലാസ് പരീക്ഷയ്ക്ക് മൂന്ന് മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാത്ത വിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ ഫിസിക്സ് പരീക്ഷയില്‍ ഒരു മാര്‍ക്കിന്റെ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയാത്തതില്‍ കുട്ടി അതീവദുഃഖിതനായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

അമ്മയുടെ മാതാപിതാക്കളുടെ വീട്ടില്‍ വെച്ചാണ് മുറിയിലെ ഫാനില്‍ തൂങ്ങി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. അപ്പൂപ്പനേയും അമ്മൂമ്മയേയും തനിക്ക് ഏറെ ഇഷ്ടമാണെന്നും അവരെ നന്നായി സംരക്ഷിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഫിസിക്സ് പരീക്ഷ കഴിഞ്ഞത് മുതല്‍ കുട്ടിയെ നിരാശനായാണ് കാണപ്പെട്ടതെന്ന് അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടുകാര്‍ക്കെല്ലാം പരീക്ഷ എളുപ്പമായിരുന്നെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ സങ്കടമായി. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വേഗത്തില്‍ എഴുതിയിരുന്നെങ്കില്‍ എല്ലാ ചോദ്യത്തിനും ഉത്തരമെഴുതാമായിരുന്നല്ലോ എന്ന് താന്‍ ചോദിച്ചിരുന്നുവെന്നും അത് മകനെ കൂടുതല്‍ വിഷമിപ്പിച്ചിട്ടുണ്ടാകുമെന്നും അച്ഛന്‍ പറഞ്ഞു.

മാര്‍ക്ക് ഒരു പ്രശ്നമേയല്ലെന്നും മകന്റെ ചിരിക്കുന്ന മുഖമാണ് എനിക്ക് ഏറ്റവും വലുതെന്നായിരുന്നു അവനോട് ഞാന്‍ പറയേണ്ടിയിരുന്നത്-അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞു പോയ പരീക്ഷയെപ്പറ്റി കൂടുതല്‍ ആശങ്കപ്പെടേണ്ടെന്നും ഇനിയുള്ള പരീക്ഷകള്‍ക്കായി പഠിച്ചാല്‍ മതിയെന്നും ചില ബന്ധുക്കള്‍ ഉപദേശിച്ചുവെങ്കിലും അതൊന്നും ഫലംകണ്ടില്ല. കഴിഞ്ഞ ദിവസം അമ്മൂമ്മ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത്, തനിക്ക് കഴിക്കാനായി എന്തെങ്കിലും വാങ്ങി തരാന്‍ പറഞ്ഞ് അമ്മൂമ്മയെ പുറത്തേക്ക് പറഞ്ഞ് വിട്ടശേഷമാണ് ആത്മഹത്യ ചെയ്തത്.