ചെന്നൈ: ശവ സംസ്കാരത്തിലുള്ള പണം സുഹൃത്തിന്റെ അക്കൗണ്ടിലിട്ട ശേഷം മാനസിക രോ​ഗിയായ അമ്മയെ കൊലപ്പെടുത്തിയ മകൻ ജീവനൊടുക്കി. തമിഴ്നാട് തേനാംപെട്ടിലുള്ള ചേരി ക്ലിയറൻസ് ബോർഡ് കെട്ടിടത്തിലാണ് നാടിനെ നടുക്കിയ സംഭവം. ന​ഗരത്തിലെ വാച്ച് കടയിൽ ജോലി നോക്കുന്ന വിഘ്നേഷ് (22)ആണ് അമ്മ സുന്ദരവല്ലി(52)യെ കൊലപ്പെടുത്തിയ ശേഷം ജീവിതം അവസാനിപ്പിച്ചത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിട്ടുണ്ട്.

വിഘ്നേഷിന്റെ പിതാവ് നടേശന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയ ശേഷം സുന്ദരവല്ലിക്ക് മാനസിക വിഭ്രാന്തിയുണ്ട്. കടയിൽ ജോലിക്ക് പോകുന്ന സമയമൊഴിച്ച് ബാക്കി മുഴുവൻ നേരവും വിഘ്നേഷ് അമ്മക്കൊപ്പമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം വിഘ്നേഷിനെ അന്വേഷിച്ച് സുഹൃത്ത് അരുണ്‍കുമാർ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിഘ്നേഷിനെ നിരവധി തവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അരുണ്‍ ബലംപ്രയോഗിച്ചു വാതില്‍ തുറന്നപ്പോൾ സുന്ദരവല്ലി നിലത്ത് കിടക്കുന്ന നിലയിലും വിഘ്നേഷിനെ ഫാനില്‍ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു.

'എല്ലാവരും ഒരു വൃക്ഷം നട്ടുവളർത്തേണ്ടതുണ്ട്. എല്ലാവരും ഐക്യത്തെ പിന്തുടരണം. ചില ദിവസങ്ങളിൽ ഞാൻ സന്തോഷവാനല്ല. എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല'- വിഘ്നേഷിന്റെ  ആത്മഹത്യാകുറിപ്പിൽ പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന് വിഘ്നേഷ് 6000 രൂപ അക്കൗണ്ടിലൂടെ നല്‍കിയിരുന്നു. പണം എന്തിനാണെന്നു ചോദിച്ചപ്പോള്‍ അത്യാവശ്യ കാര്യം വരുന്നുണ്ടെന്നായിരുന്നു മറുപടി. ഈ പണം ശവ സംസ്കാരത്തിന് ഉപയോഗിക്കണമെന്നും  ആത്മഹത്യാകുറിപ്പില്‍ പറയുന്നു.