ഗാസിയാബാദ്: സുഹൃത്തും ജൂനിയറുമായ പെണ്‍കുട്ടിക്ക് നേരെ ആണ്‍കുട്ടി നിറയൊഴിച്ചു. പെണ്‍കുട്ടിയുടെ തലയ്ക്ക് നേരെ വെടിയുതര്‍ത്ത ആണ്‍കുട്ടി തുടര്‍ന്ന് സ്വയം നിറയൊഴിക്കുകയും ചെയ്തു. തര്‍ക്കത്തിനൊടുവിലാണ് ആണ്‍കുട്ടി വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആണ്‍കുട്ടി. ദില്ലിയിലെ ഒരു സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി 10 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയും.

കോച്ചിങ്ങ് സെന്‍ററില്‍ നിന്ന് സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ഇരുവരും. തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍റെ ലൈസന്‍സുള്ള തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു ആണ്‍കുട്ടി. സംഭവസ്ഥലത്ത് നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു. രണ്ടുപേരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.