ഹൈദരാബാദ്: കാലില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ഷൂ ധരിക്കാതിരുന്ന വിദ്യാര്‍ത്ഥിയ്ക്ക് നേരെ ശിക്ഷാ നടപടിയുമായി സ്കൂള്‍ അധികൃതര്‍. കൃത്യമായ യൂണിഫോമല്ല ധരിച്ചെന്ന് കാണിച്ച് കുട്ടിയെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. കുട്ടിയെ ക്ലാസില്‍ കയറ്റാത്തതിനെക്കുറിച്ച് മാതാവ് സ്കൂളില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച ക്ലാസില്‍ കയറേണ്ടെന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഹൈദരാബാദിലെ ശ്രീനിധി ഇന്റര്‍ നാഷണല്‍ സ്കൂളിലാണ് സംഭവം.
സംഭവത്തില്‍ മാതാപിതാക്കള്‍ നിലപാട് കര്‍ശനമാക്കിയതോടെ സ്കൂളില്‍ വരാന്‍ അനുമതി നല്‍കിയെങ്കിലും വിദ്യാര്‍ത്ഥിയെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കാതെ ലൈബ്രററിയില്‍ പോയി ഇരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഈ നടപടിയിലും പരാതിപ്പെട്ടതോടെ വിദ്യാര്‍ത്ഥിയെയും സഹോദരിയേയും സ്കൂളില്‍ അയക്കേണ്ടെന്നും നിര്‍ദേശിച്ചതായി മാതാപിതാക്കള്‍ വിശദമാക്കി. പിന്നീട് കുട്ടിയെ പുറത്താക്കിയ സംഭവത്തില്‍ നിരന്തരമായി പരാതിപ്പെട്ട മാതാപിതാക്കളുടെ നടപടി അന്വേഷണ വിധേയമാക്കിയ സ്കൂള്‍ കമ്മിറ്റി അസ്വാഭാവിക നടപടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുട്ടിയെ രണ്ടാഴ്ച ക്ലാസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്.
കുട്ടിയ്ക്കെതിരെ സ്കൂള്‍ അധികൃതരുടെ നിലപാടില്‍ മാതാപിതാക്കള്‍ പൊലീസ് സഹായം തേടിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് കേസ് എടുക്കുമെന്ന നിലയായതോടെ സ്കൂള്‍ അധികൃതര്‍ നിലപാട് മയപ്പെടുത്തി. സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയോടും മാതാപിതാക്കളോടും മാപ്പ് അപേക്ഷിച്ച് കുട്ടിയെ ക്ലാസില്‍ അനുവദിക്കികയായിരുന്നു.
