ദരംഗ്: ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ട് മാറിപ്പോയ കുഞ്ഞുങ്ങളെ മൂന്ന് വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞിട്ടും കൈമാറാന്‍ കഴിയാതെ പ്രതിസന്ധിയിലായ രണ്ട് കുടുംബങ്ങള്‍ക്ക് തല്‍ക്കാല ആശ്വാസമായി കോടതി വിധി. ഡിഎന്‍എ പരിശോധന നടത്തി കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞിട്ടും ഇത്രയും നാള്‍ വളര്‍ത്തിയ കുഞ്ഞിനെ പിരിയാന്‍ കഴിയാതെ സ്വന്തം കുഞ്ഞിനെ സ്വീകരിക്കേണ്ടെന്ന നിലപാട് എടുത്ത സംഭവത്തിലാണ് ഒടുവില്‍ കോടതിയുടെ ഇടപെടല്‍. കുട്ടികള്‍ക്ക് പതിനെട്ട് വയസാവുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ, അതുവരെ വളര്‍ച്ഛന്മമ്മാര്‍ക്കൊപ്പം കഴിയട്ടെയെന്നാണ് ആസം കോടതി നിര്‍ദ്ദേശിച്ചത്.

ആസാമിലെ ദരംഗ് ജില്ലയിലാണ് സിനിമാകഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ ഒരു ബോഡോ കുടംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച ആണ്‍കുട്ടികളാണ് പരസ്പരം മാറിപ്പോകുന്നത്. ഡിഎന്‍എ ടെസ്റ്റിനും മറ്റ് അന്വേഷണങ്ങള്‍ക്കുമൊടുവില്‍ അടുത്തിടെയാണ് കുട്ടികളെ പരസ്പരം കൈമാറാന്‍ ഇരു കുടുംബങ്ങളും തീരുമാനിക്കുന്നത്. എന്നാല്‍ അന്നേ ദിവസം ഉണ്ടായ വൈകാരികമായ സംഭവങ്ങള്‍ കുട്ടികളെ കൈമാറ്റം ചെയ്യേണ്ടെന്ന തീരുമാനത്തില്‍ ഇരുകുടുംബങ്ങളെയും എത്തിക്കുകയായിരുന്നു.

2015 മാര്‍ച്ച് 11നാണ് ഇരുകുഞ്ഞുങ്ങളും ജനിക്കുന്നത്. എന്നാല്‍ 48കാരനായ മുസ്ലിം അധ്യാപകന്റെ ഭാര്യയ്ക്കാണ് ഇതു തന്റെ കുഞ്ഞല്ലെന്ന സംശയം ഉണ്ടായത്. കുടുംബാംഗങ്ങളില്‍ ആരുമായും മുഖ സാദൃശ്യം ഇല്ലെന്ന് മാത്രമല്ല തനിക്കൊപ്പം ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ബോഡോ സ്ത്രീയുടെ മുഖവുമായി കുട്ടിക്ക് നല്ല സാമ്യം ഉണ്ടെന്ന സംശയം അവരില്‍ ഉടലെടുത്തു. സംശയം ഭര്‍ത്താവിനോട് പങ്കുവെക്കുകയും ഭര്‍ത്താവ് ഇത് ആശുപത്രി അധികൃതരെ അറിയിക്കുകയുമായിരുന്നു. പക്ഷെ ആശുപത്രി അധികൃതര്‍ വാദം തള്ളിക്കളഞ്ഞെന്നു മാത്രമല്ല ഭാര്യയ്ക്ക് മാനസിക രോഗമാണെന്ന് ഭര്‍ത്താവിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു.

എന്നാല്‍ ആ അധ്യാപകന്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. വിവരാവകാശ നിയമ പ്രകാരം അന്നേ ദിവസം ആശുപത്രിയില്‍ നടന്ന പ്രസവ വിവരങ്ങളെല്ലാം സംഘടിപ്പിച്ചു. സംശയം മുഴുവന്‍ ബോഡോ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ബോഡോ കുടുംബത്തെ കാര്യം അറിയിച്ചെങ്കിലും അവര്‍ വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റിനു വിധേയമായതോടെയാണ് കുഞ്ഞ് തങ്ങളുടേതല്ലെന്ന തീര്‍പ്പില്‍ അധ്യാപകനും ഭാര്യയും എത്തിച്ചേരുന്നത്. ഡിഎന്‍എ ഫലവുമായി പൊലീസിനെ ഇവര്‍ സമീപിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നടന്ന ഡിഎന്‍എ ടെസ്റ്റില്‍ ഇരു കുടുംബങ്ങളും കുട്ടികള്‍ പരസ്പരം മാറിപ്പോയെന്ന സത്യം തിരിച്ചറിഞ്ഞു. കുട്ടികളെ പരസ്പരം കൈമാറണമെന്ന സംയുക്ത ഹര്‍ജി ഇരു കുടുംബങ്ങളും കോടതിയില്‍ നല്‍കി. തുടര്‍ന്നായിരുന്നു കുട്ടികളെ കൈമാറ്റം ചെയ്യാനുള്ള തീയ്യതിയായി ജനുവരി 4 ആയി നിശ്ചയിക്കപ്പെട്ടത്.

എന്നാല്‍, മൂന്ന് വര്‍ഷത്തിനു ശേഷം കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞിട്ടും ഇത്രയും കാലം സ്വന്തം കുഞ്ഞായി വളര്‍ത്തിയ കുഞ്ഞിനെ വിട്ടു കൊടുക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല. ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന അച്ഛനമ്മമാരെ വിട്ടുപിരിയാന്‍ കുട്ടികളും ഒരുക്കമായിരുന്നില്ല. ഇതോടെയാണ് സ്വന്തം മക്കളെ വേണ്ടെന്ന് ഇരു കൂട്ടരും തീരുമാനിച്ചത്. 'കുട്ടികള്‍ അന്ന് കരഞ്ഞു തളര്‍ന്നു. അത് ഞങ്ങള്‍ക്ക് കണ്ട് നില്‍ക്കാന്‍ സാധിക്കുന്നതായിരുന്നില്ല. അന്ന് ഞങ്ങള്‍ക്ക് സ്‌നേഹത്തെയും മനുഷ്യത്വത്തെയും കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ', അധ്യാപകന്‍ പറയുന്നു. കുട്ടികളെ ഇനി പരസ്പരം മാറേണ്ടെന്ന തീരുമാനത്തില്‍ അവരെത്തിച്ചേര്‍ന്നു. ഇത്രയും നാള്‍ സ്‌നേഹിച്ചു വളര്‍ത്തിയ കുട്ടികളെ ജീവിതകാലം മുഴുവന്‍ സ്വന്തം കുഞ്ഞായി വളര്‍ത്താനുള്ള അനുവാദിക്കണമെന്നാവശ്യപ്പെട്ട് ഇരുകുടുംബവും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.