മതവിശ്വാസത്തിന്‍റെ കാര്യത്തിൽ ഇടപെടാനുള്ള അവകാശം സുപ്രീം കോടതിക്കില്ല. എല്ലായിടത്തും നിലനിൽക്കുന്ന ആചാരം അല്ലാത്തതുകൊണ്ട് അത് നിലനിൽക്കില്ല-ശേഖർ നാഫ്ഡേ
ദില്ലി: ബഹുഭൂരിപക്ഷം വരുന്ന ദൈവവിശ്വാസികളോട് ഒരു പ്രത്യേക ആചാരം വച്ചുപുലർത്തരുത് എന്നാണ് സുപ്രീം കോടതി ശബരിമല വിധിയിലൂടെ ആവശ്യപ്പെട്ടതെന്ന് ബ്രാഹ്മണസഭയ്ക്കുവേണ്ടി ഹാജരായ ശേഖർ നാഫ്ഡേ. മതവിശ്വാസത്തിന്‍റെ കാര്യത്തിൽ ഇടപെടാനുള്ള അവകാശം സുപ്രീം കോടതിക്കില്ല. എല്ലായിടത്തും നിലനിൽക്കുന്ന ആചാരം അല്ലാത്തതുകൊണ്ട് അത് നിലനിൽക്കില്ല എന്ന് പറയാനാകില്ലെന്നും അദ്ദേഹം വാദിച്ചു.
ചിലർ ദൈവത്തിൽ വിശ്വസിക്കുന്നു, സ്റ്റീഫൻ ഹോക്കിംഗിനെ പോലെ ചിലർ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ വിശ്വസിക്കാനോ വിശ്വസിക്കരുതെന്നോ പറയാൻ ആർക്കും അധികാരമില്ല. വിശ്വാസത്തിൽ തിരുത്തലുകൾ വേണമെങ്കിൽ തിരുത്തേണ്ടത് വിശ്വാസി സമൂഹമാണ്. അത് തീരുമാനിക്കാൻ ആക്ടിവിസ്റ്റുകൾക്കും അധികാരമില്ല. ഒരു പ്രത്യേക വിഭാഗം വച്ചുപുലർത്തുന്ന ആചാരം മതവിശ്വാസമായി തന്നെ കണക്കാക്കണമെന്നും ശേഖർ നാഫ്ഡേ പറഞ്ഞു.
യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷം തകർത്തു എന്നുതുടങ്ങി രാഷ്ട്രീയ വിഷയങ്ങളും ബ്രാഹ്മണസഭയ്ക്കുവേണ്ടി ശേഖർ നാഫ്‍ഡേ ഉന്നയിച്ചു. എന്നാൽ വിധിയിൽ ഭരണഘടനാപരമായുള്ള ഏതെങ്കിലും അടിസ്ഥാന പിഴവുകൾ ചൂണ്ടിക്കാട്ടാൻ ശേഖർ നാഫ്ഡേക്ക് കഴിഞ്ഞില്ല.
