കുട്ടിയുടെ കരച്ചിലും കേട്ട് ഓടിയെത്തിയ  ശ്രീക്കുട്ടി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഉടനെ കുട്ടിയെ വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്തു. 

പാലക്കാട്: കിണറ്റിലേയ്ക്ക് വീണ രണ്ട് വയസുകാരനെ മുങ്ങിയെടുത്ത് രക്ഷകയായി ചെറിയമ്മ. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്‍റെ മകന്‍ അഭിമന്യുവാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണത്.

കുട്ടിയുടെ കരച്ചിലും കേട്ട് ഓടിയെത്തിയ ശ്രീക്കുട്ടി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഉടനെ കുട്ടിയെ വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്തു. ബഹളം കേട്ട് ഓടിയെത്തിയവര്‍ ഇവര്‍ക്ക് തുണയാവുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും കരയ്‌ക്കെത്തിച്ചു. 

ആരെയും വിളിക്കാതെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയ യുവതിയുടെ ധീരതയും സമയോചിത ഇടപെടലും മനോധൈര്യവുമാണ് കുട്ടിക്കും തുണയായത്.