നെയ്മര്‍ കരഞ്ഞത് എന്തിന്? ചര്‍ച്ചകള്‍ ഇങ്ങനെ

നോക്കൌട്ട് ഘട്ടത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ബ്രസീല്‍ ആരാധകര്‍. അവരുടെ പ്രതീക്ഷയെല്ലാം നെയ്മര്‍ എന്ന താരത്തെ ചുറ്റിപ്പറ്റിയാണ്. അതുകൊണ്ടു തന്നെ നെയ്മര്‍ കളിക്കളത്തില്‍ വെച്ച് കരഞ്ഞതിന്റെ കാരണം ചികയുകയാണ് ആരാധകരെല്ലാം. ബ്രസീല്‍ മാധ്യമങ്ങളും നെയ്മറിന്റെ കരച്ചില്‍ ചര്‍ച്ചയാക്കുന്നു. സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് നെയ്മര്‍ കരഞ്ഞതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. കോസ്റ്റ്റിക്കയ്‍ക്ക് എതിരെയുള്ള മത്സരത്തില്‍ വിജയിച്ച ഘട്ടത്തില്‍ നെയ്‍മറിന്റെ ആ കരച്ചില്‍ അനാവശ്യമായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ പറയുന്നു.

ഒരു ടൂര്‍ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ഇങ്ങനെ കരയാൻ മാത്രം എന്തുണ്ടായെന്ന് ബ്രസീല്‍ മാധ്യമങ്ങള്‍ ചോദിക്കുന്നു. ലോകകപ്പിന്റെ രണ്ടാം മത്സരത്തിലെ കരച്ചില്‍ സ്വാഭാവികമല്ലെന്നാണ് പ്രമുഖ പത്രം തലക്കെട്ടിട്ടതുതന്നെ. നെയ്‍മറിന്റെ മാനസിക അസ്ഥിരതയാണ് ഇത് കാണിക്കുന്നത്. നെയ്മര്‍ നാര്‍സിസത്തിലേക്ക് മാറുന്നതിന്റെയോ അസ്ഥിരതയെക്കുറിച്ചുള്ള ചിന്തയുടെയോ തെളിവോ ആകാം കാരണമെന്നും പറയുന്നു.

റൊണാള്‍ഡോയുടെ കാലഘട്ടത്തിനു ശേഷം പ്രതീക്ഷകളെല്ലാം നെയ്‍മറിന്റെ ചുമലിലാണ്. സ്വിറ്റ്സര്‍ലൻഡിനെതിരെ സമനിലയിലായ ആദ്യ മത്സരത്തില്‍ നെയ്‍മറിന് സ്കോര്‍ ചെയ്യാൻ പറ്റിയിരുന്നില്ല. കോസ്റ്റ റികയ്‍ക്കെതിരെയുള്ള മത്സരത്തില്‍ അവസാന മിനുട്ടില്‍ കുടീഞ്ഞോയുടെ പാസ് ആണ് നെയ്‍മറിന് ഗോള്‍ നേടിക്കൊടുത്തത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പരുക്കിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ് നെയ്‍മര്‍. ആ പോരാട്ടത്തിന്റെ പ്രതിഫലനമാണ് നെയ്‍മറിന്റെ കരച്ചില്‍ എന്നാണ് സഹതാരം ഫാഗ്‍നര്‍ പറയുന്നു. ലോകകപ്പിന് രണ്ടാഴ്ച മുമ്പ് വിളിച്ചപ്പോള്‍, തനിക്ക് ഇപ്പോഴും പരുക്കുണ്ടെന്നാണ് നെയ്‍മര്‍ പറഞ്ഞത്. ലോകകപ്പിന് ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും.. കഠിനമായ ഘട്ടത്തിലൂടെയാണ് ഇവിടെ എത്തിയത്. എല്ലാ കായികതാരങ്ങളും മനുഷ്യരും കൂടിയാണ്. അവര്‍ക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ടാകും. ഞങ്ങള്‍ എല്ലാവരും നെയ്‍മര്‍ക്ക് പിന്തുണയുമായി ഉണ്ട്. പരിചയസമ്പന്നനാണ് നെയ്‍മര്‍. മികച്ച പ്രകടനം കാഴ്‍ചവയ്‍ക്കാനും ഊര്‍ജ്ജസ്വലനായിരിക്കാനും നെയ്‍മര്‍ക്ക് കഴിയും- ഫാഗ്‍നര്‍ പറയുന്നു.


വിമര്‍ശനങ്ങളോട് നേരത്തെ നെയ്മറും പ്രതികരിച്ചിരുന്നു. തന്റെ ജീവിതത്തില്‍ ഒന്നും എളുപ്പമായിരുന്നില്ലെന്നായിരുന്നു നെയ്‍മറുടെ പ്രതികരണം.