ജൂലൈ രണ്ടാം തിയതി 7.30 ന് ബ്രസീല്‍ മെക്സിക്കോ പോരാട്ടം ജൂലൈ മൂന്നിന് 7.30 ന് സ്വീഡന്‍ സ്വിസ് മത്സരം

മോസ്കോ: റഷ്യന്‍ ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറിലേക്ക് ചിറക് വിരിച്ചെത്തിയ കാനറിപ്പടയ്ക്ക് മെക്സിക്കോ എതിരാളികള്‍. സെര്‍ബിയക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ബ്രസീല്‍ നോക്കൗട്ടിലേക്ക് കടന്നത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ സെര്‍ബിയയെ തകര്‍ത്തത്.

36 ാം മിനിട്ടില്‍ പൗളിന്യോയും 68 ാം മിനിട്ടില്‍ തിയാഗോ സില്‍വയുമാണ് ബ്രസീലിന് വേണ്ടി വലകുലുക്കിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയുമായാണ് നെയ്മറും സംഘവും ആദ്യ റൗണ്ട് പോരാട്ടം അവസാനിപ്പിച്ചത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സമനിലയില്‍ കുരുങ്ങിയ കാനറികള്‍ കോസ്റ്റാറിക്കയെയും സെര്‍ബിയയെയും തകര്‍ത്തെറിഞ്ഞു.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്‍റ് നേടിയ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ സ്വിസ് പട രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ മെക്സിക്കോയാണ് നെയ്മറിനും സംഘത്തിനും മുന്നിലുള്ള അടുത്ത വെല്ലുവിളി. സ്വിറ്റ്സര്‍ലാന്‍ഡിനാകട്ടെ സ്വീഡന്‍റെ പോരാട്ടവീര്യത്തെ മറികടക്കാനായാല്‍ മാത്രമെ മുന്നോട്ടുള്ള പ്രയാണം സാധ്യമാകു. ജൂലൈ രണ്ടാം തിയതി ഇന്ത്യന്‍ സമയം 7.30 നാണ് ബ്രസീല്‍ മെക്സിക്കോ പോരാട്ടം. ജൂലൈ മൂന്നിന് 7.30 നാണ് സ്വീഡന്‍ സ്വിസ് മത്സരം നടക്കുക.

ലോകചാമ്പ്യന്‍മാരായ ജര്‍മനിയെ പിന്തള്ളിയാണ് സ്വീഡനും മെക്സിക്കോയും ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലേക്ക് കടന്നത്. സ്വീഡന്‍ ജര്‍മനിയ്ക്ക് മുന്നില്‍ പരാജയപ്പെട്ടെങ്കിലും സ്വിറ്റ്സര്‍ലാന്‍ഡിനെയും ദക്ഷിണകൊറിയയെയും പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നേടിയെടുത്തു. മെക്സിക്കോയാകട്ടെ ജര്‍മനിയെയും ദക്ഷിണകൊറിയയെും തകര്‍ത്തെങ്കിലും സ്വീഡന് മുന്നില്‍ അടിതെറ്റിയിരുന്നു.