ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫിന് ഇന്ന് നിര്‍ണായക ദിനം. റൗസഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ തുടരണോയെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിന് മുന്നോടിയായി തലസ്ഥാനത്ത് പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്പന്‍ റാലികള്‍ നടന്നു.
ബ്രസില്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിന്റെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് എന്നറിയപ്പെടുന്ന അധോസഭയിലാണ് ഇന്ന് വോട്ടെടുപ്പ്. 513 അംഗ സഭയിലെ 342 പേര്‍ ദില്‍മയ്‌ക്കെതിരായി വോട്ട് ചെയ്താല്‍ മാത്രമെ ഇംപീച്ച്മെന്റ് നടപടികള്‍ തുടരാനാകൂ. ദില്‍മ റൗസഫിന്റെ എതിരാളികള്‍ ഏതാണ്ട് ഇതേ സംഖ്യയോട് അടുത്തുവെന്നാണ് ബ്രസീലിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമേയം ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് പാസാക്കിയാല്‍ നടപടികള്‍ സെനറ്റിലേക്ക് മാറും. വിചാരണ കാലാവധിയായ ആറു മാസത്തേയ്‍ക്ക് എങ്കിലും ദില്‍മയ്‌ക്ക് സ്ഥാനം ഒഴിയേണ്ടി വരും. ദില്‍മയുടെ ഇപ്പോഴത്തെ എതിരാളിയും വൈസ് പ്രസിഡന്റുമായ മെക്കല്‍ ടെമര്‍ എങ്കില്‍ ഇടക്കാല പ്രസിഡന്റാകും. സെനറ്റിലെ വോട്ടെടുപ്പും ദില്‍മയക്ക് എതിരായാല്‍ പൂര്‍ണമായും പ്രസിഡന്റ് പദത്തില്‍ നിന്ന് പുറത്താകും . ദില്‍മയെ രക്ഷിക്കാന്‍ രാഷ്‌ട്രീയ ഗുരുവും മുന്‍പ്രസിഡന്റുമായ ലുയിസ് ലുല ദ സില്‍വ രംഗത്തെത്തിയിട്ടുണ്ട്. തലസ്ഥാനമായ ബ്രസീലിയയില്‍ പ്രകടനം നടത്തിയ വര്‍ക്കേഴ്‌സ് പാര്‍ട്ടി അണികളോട് ദില്‍മയ്‌ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കാന്‍ അദ്ദേഹം ആഹ്വനം ചെയ്തു. എതിര്‍ പ്രകടനവും ബ്രസീലിയയില്‍ തുടരുകയാണ്.
ബജറ്റ് തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് റൗസഫ് ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്നത്.
