വമ്പന്മാരുടെ ഈ തോല്‍വിയും സമനിലയും ഒക്കെ അടുത്ത റൗണ്ടിലേക്കുള്ള തന്ത്രമാണെന്ന് പറയുന്ന ആരാധകരുമുണ്ട്

മോസ്കോ: ലോകകപ്പിലെ ഏറ്റവും വലിയ തോല്‍വി ആയിരുന്നു ജര്‍മ്മനിയുടെത്. മെക്സിക്കോയോട് ഒരു ഗോളിനാണ് ജര്‍മ്മനി തോറ്റത്. എന്നാല്‍ അതേ സമയം ടൂര്‍ണമെന്‍റിലെ മറ്റൊരു ഫേവറേറ്റുകളായ ബ്രസീല്‍ സ്വിറ്റ്സര്‍ലാന്‍റിനോട് സമനില വഴങ്ങി. എന്നാല്‍ വമ്പന്മാരുടെ ഈ തോല്‍വിയും സമനിലയും ഒക്കെ അടുത്ത റൗണ്ടിലേക്കുള്ള തന്ത്രമാണെന്ന് പറയുന്ന ആരാധകരുമുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ആരാധക സിദ്ധാന്തം ഇങ്ങനെയാണ്.

നോക്കൗട്ട് റൗണ്ടില്‍ ഗ്രൂപ്പ് എഫിലെ ഒന്നാമന്‍ ഗ്രൂപ്പ് ഇ യിലെ രണ്ടാമനുമായും എഫ് ഗ്രൂപ്പിലെ രണ്ടാമന്‍ ഇ ഗ്രൂപ്പിലെ ഒന്നാമനായുമാണ് മത്സരം നടക്കുക. ഗ്രൂപ്പ് എഫില്‍ ജര്‍മനി,മെക്‌സിക്കോ,സ്വീഡന്‍, ദക്ഷിണ കൊറിയ എന്നീ ടീമുകാണ് ഉള്ളത്. ഗ്രൂപ്പ് ഇ യില്‍ ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റാറിക്ക,സെര്‍ബിയ എന്നീ ടീമുകളുമാണുള്ളത്. നിലവില്‍ സ്വീഡനാണ് എഫ് ഗ്രൂപ്പില്‍ ഒന്നാമത്. മെക്‌സിക്കോ രണ്ടാമതും. ജര്‍മനി അനായസം ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമെന്ന പ്രതീക്ഷകള്‍ക്കേറ്റ അടിയായിരുന്നു മെക്‌സിക്കോയ്‌ക്കെതിരായ തോല്‍വി.

ജര്‍മ്മനിയുടെ അവശേഷിക്കുന്ന അടുത്ത രണ്ട് കളി സ്വീഡനും ദക്ഷിണ കൊറിയയ്ക്കും എതിരെയാണ്. ആദ്യത്തെ കളിയിലേതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഉണര്‍ന്ന് കളിച്ചാല്‍ ജയം ജര്‍മനിക്കൊപ്പമായിരിക്കുമെന്ന് നിസംശയം പറയാന്‍ സാധിക്കും. ജര്‍മനിയേ പൂട്ടിയ മെക്‌സിക്കോയ്ക്ക് ഇനിയുള്ള രണ്ട് ടീമുകള്‍ക്കെതിരെ ജയം കണ്ടെത്താനാകുമെന്ന് തന്നെ കരുതാം. അങ്ങനെയെങ്കില്‍ മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുകയും ജര്‍മനി രണ്ടാമതെത്തുകയും ചെയ്യും.

ഇനി ഗ്രൂപ്പ് ഇ യിലെ അവസ്ഥ നോക്കാം. കോസ്റ്റാറിക്കയെ തകര്‍ന്ന് നിലവില്‍ ഒന്നാമതാണ് സെര്‍ബിയ. രണ്ടാമതാകട്ടെ ബ്രസീലും.എന്നാല്‍ ബ്രസീല്‍ നിലവിലത്തെ സാഹചര്യത്തില്‍ രണ്ടാമതായിരിക്കാന്‍ തന്നെയാകും ആഗ്രഹിക്കുക. എന്തെന്നാല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തിയാല്‍ എഫ് ഗ്രൂപ്പിലെ രണ്ടാമന്‍മാരുമായിട്ടാവും അവരുടെ അടുത്ത മത്സരം. നോക്കൗട്ട് റൗണ്ടില്‍ തന്നെ ജര്‍മനിയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടേണ്ടി വരുന്നത് ഇരു ടീമുകള്‍ക്കും തലവേദനയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

ജര്‍മനിയുടെ അപ്രതീക്ഷിത തോല്‍വിക്കു പിന്നാലെ സ്വിസ്സിനെതിരെ മനപ്പൂര്‍വം സമനില വഴങ്ങിയതാണ് ബ്രസീലെന്നു പറയുന്ന ആരാധകരും ഉണ്ട്.
എതിരില്ലാത്ത ഒരു ഗോളിനാണ് മെക്സിക്കോ ജര്‍മനിയെ പരാജയപ്പെടുത്തിയത്. 35-ാം മിനിറ്റില്‍ ലൊസാനയാണ് മെക്സിക്കോയുടെ വിജയഗോള്‍ നേടിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനോട് 1-1 ന്റെ സമനില വഴങ്ങുകയായിരുന്നു ബ്രസീല്‍. നാളെ കോസ്റ്റാറിക്കയ്ക്കെതിരെയാണ് കാനറികളുടെ അടുത്ത മത്സരം. 23 ന് ജര്‍മനി സ്വീഡനേയും നേരിടും.