പകരക്കാരായിറങ്ങിയ നെയ്മറും ഫിര്‍മിനോയും ഗോള്‍ നേടി
ആന്ഫീല്ഡ്: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സൂപ്പര് താരം നെയ്മര് ഗോളോടെ തിരിച്ചുവന്ന സന്നാഹമത്സരത്തില് ക്രൊയേഷ്യക്കെതിരെ ബ്രസീലിന് ഏകപക്ഷീയമായ രണ്ട് ഗോള് ജയം. ആന്ഫീല്ഡില് നടന്ന മത്സരത്തില് പകരക്കാരായെത്തിയ നെയ്മര്, ഫിര്മിനോ എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്. ആദ്യ പകുതി ഗോള്രഹിത സമനിലയായിരുന്നു. എന്നാല് 46-ാം മിനുറ്റില് നെയ്മറെ പകരക്കാരനായിറക്കിയ പരിശീലകന് ടിറ്റെയുടെ തന്ത്രം ഫലിച്ചു.
വില്യാന്- കുട്ടീഞ്ഞോ കൂട്ടുകെട്ടില് പിറന്ന മുന്നേറ്റം 69-ാം മിനുറ്റില് നെയ്മര് അനായാസം ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. 88-ാം മിനുറ്റില് പകരക്കാരനായിറങ്ങിയ ഫീര്മിനോ മൂന്ന് മിനുറ്റ് അധികസമയം പൂര്ത്തിയാകാന് നിമിഷങ്ങള് ബാക്കിനില്ക്കേ കസിമിറോയുടെ പാസില് നിന്ന് ലക്ഷ്യം കണ്ടു. എന്നാല് അവസാന നിമിഷം വരെ ഗോള്മടക്കാന് ക്രൊയേഷ്യക്കായില്ല. അതേസമയം പരിക്കില് നിന്ന് മുക്തനായ നെയ്മര് ആരാധകരുടെ പ്രതീക്ഷ കാക്കുന്നതാണ് ആന്ഫീല്ഡില് കണ്ടത്.
