ബ്രസീൽ അവസാനമായി വിശ്വവിജയികളായ 2002 ലോകകപ്പിന്‍റെ പ്രീക്വാർട്ടറിൽ വച്ചായിരുന്നു ഏറ്റുമുട്ടിയത്
മോസ്ക്കോ: ക്വാർട്ടറിൽ ബ്രസീലും ബെൽജിയവും ഇറങ്ങുമ്പോൾ കണക്കുകളിൽ മുൻതൂക്കം ബ്രസീലിനാണ്. ലോകകപ്പിൽ ഇരു ടീമുകളും നേർക്കുനേർ വന്ന മത്സരത്തിൽ ജയം ബ്രസീലിനൊപ്പമായിരുന്നു. ബ്രസീൽ അവസാനമായി വിശ്വവിജയികളായ 2002 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ വച്ചായിരുന്നു ആ നേർക്കുനേർ പോരാട്ടം. കാനറികൾ രണ്ട് ഗോളിന് ചുവന്ന ചെകുത്താൻമാരുടെ കഥ കഴിച്ചു. റിവാൾഡോയും റൊണാൾഡോയും വല തുളച്ച ഷോട്ടുകളിലൂടെ സാംബാ താളം എന്തെന്ന് കാട്ടികൊടുത്തു.
ലോകകപ്പിൽ അതിനു മുൻപും ശേഷവും ബെൽജിയവും ബ്രസീലും പരസ്പരം പോരടിച്ചില്ല. പക്ഷെ ചരിത്രത്തിൽ ആകെ നാലുതവണയാണ് ബ്രസീലിനെ നേരിടാൻ ബെൽജിയമെത്തിയത്. മൂന്നിലും ജയിച്ചത് ബ്രസീൽ .1963ൽ അതായത് 55 വർഷം മുൻപ് നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ 5 ഗോളുകൾക്ക് ബ്രസീലിനെ തോൽപിച്ചതാണ് ബെൽജിയത്തിന് പറയാനുള്ള ഒരേ ഒരു വിജയ കഥ.
ബ്രസീലിനെതിരെ ഒരു ഗോൾ കൂടിയേ ബെൽജിയം പിന്നീട് നേടിയിട്ടുളളൂ. ബ്രസീലാകട്ടെ നാലു കൂടിക്കാഴ്ചയിൽ നിന്ന് 10 ഗോളുകൾ ബെൽജിയം പോസ്റ്റിൽ കയറ്റി. ഇത്തവണ പക്ഷെ കണക്കുകൾ കൊണ്ട് മാത്രം പ്രവചനം എളുപ്പമാവില്ല. ബ്രസീൽ മുന്നേറ്റ നിര ഇതുവരെ 7 ഗോളടിച്ചപ്പോൾ 5 ഗോളുകൾ അധികം അടിച്ചു ബെൽജിയം. നാലെണ്ണം ബെൽജിയം തിരിച്ച് വാങ്ങിയപ്പോൾ ബ്രസിൽ വാങ്ങിയത് ഒരേ ഒരു ഗോൾ.
സ്വിറ്റ്സർലണ്ടെനെതിരെ സമനിലയിൽ കുരുങ്ങി ആദ്യ മത്സരത്തിൽ ബ്രസീൽ. എല്ലാ മത്സരവും ജയിച്ചതിന്റെ ആത്മ വിശ്വാസമുണ്ട് ബെൽജിയത്തിന്. ലോകകപ്പിലെ എക്കാലത്തെയും മികച്ച റെക്കോർഡുള്ള ബ്രസീലിന് മുന്നിൽ 86ൽ സെമി കളിച്ചതിന്റെ കണക്കു മാത്രമേ ബെൽജിയത്തിന് എടുത്തു കാട്ടാനുള്ളൂ.
പക്ഷെ സുവർണ തലമുറയിൽ നിന്ന് ഇത്തവണ പ്രതീക്ഷയേറെയാണ്. കിരീടനേട്ടത്തിന് ശേഷമുള്ള ലോകകപ്പിലെല്ലാം ബ്രസീലിന് പുറത്തേക്കുള്ള വഴി കാട്ടിയ യൂറോപ്യൻ പ്രതിനിധിയാവുമോ ഇത്തവണ ബെൽജിയം എന്നും കാത്തിരുന്ന് കാണണം. മറുവശത്ത് 2002 ആവര്ത്തിച്ചാല് ബ്രസീലിന് ഇക്കുറി കിരീടം സ്വന്തമാക്കാമെന്ന ചരിത്രത്തിലാണ് ആരാധകര് വിശ്വസിക്കുന്നത്.

