ബ്രസീല്‍- മെക്‌സിക്കോ പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് മെക്സിക്കോയ്ക്കെതിരെ മികച്ച റെക്കോർഡ് 

മോസ്‌കോ: ലോകകപ്പിൽ ബ്രസീലിന് ഇന്ന് പ്രീക്വാർട്ടർ പോരാട്ടം. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ മെക്സിക്കോയാണ് എതിരാളികൾ. ജര്‍മനിയും അര്‍ജന്‍റീനയും സ്‌പെയിനും പുറത്തേക്ക് പോയ വഴിയെ ബ്രസീല്‍ പോകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പക്ഷെ, അങ്ങനെയങ്ങ് പോകാൻ വന്നതല്ലെന്ന് ലോകത്തോട് പറയാൻ ഇറങ്ങുകയാണ് നെയ്മറും സംഘവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓരോ മത്സരം കഴിയുമ്പൊഴും മെച്ചപ്പെടുകയാണ് ടിറ്റേയുടെ കുട്ടികൾ. ആ മികവ് ഇന്നും തുടർന്നാൽ മെക്സിക്കോ ഒരുപാട് വിയർക്കും. നെയ്മർ തിളങ്ങിയില്ലെങ്കിലും പ്രശ്നമില്ലെന്ന് കുടിഞ്ഞോയും പൗളിഞ്ഞോയുമൊക്കെ തെളിയിച്ചുകഴിഞ്ഞു. നെയ്മർ കൂടി താളം കണ്ടെത്തിയാൽ മഞ്ഞപ്പടയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ മാഴ്സലോ ഇന്നലെ പരിശീലനം നടത്തിയെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യത കുറവാണ്. തിയാഗോ സിൽവ തന്നെയാകും ഇന്ന് നായകൻ. ലോകകപ്പില്‍ 1990ന് ശേഷം ക്വാർട്ടറിലെങ്കിലുമെത്താതെ മടങ്ങിയിട്ടില്ല കാനറികൾ. മറുവശത്ത് കഴിഞ്ഞ ആറ് ലോകകപ്പിലും പ്രീ ക്വാർട്ടറിൽ പുറത്തായ ചരിത്രമാണ് മെക്സിക്കോയുടേത്. ആദ്യ മത്സരത്തിൽ ജർമനിയെ കീഴടക്കിയ മെക്സിക്കോ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത് സ്വീഡിന് മുന്നിൽ കീഴടങ്ങിയാണ്. 

2002ൽ ഇക്വഡോറിനെ തോൽപിച്ചതൊഴിച്ചാൽ ലാറ്റിനമേരിക്കൻ ടീമിനെ ലോകകപ്പിൽ മറികടക്കാൻ മെക്സിക്കോയ്ക്കായിട്ടില്ല.ചരിത്രവും പ്രകടനമികവുമൊന്നും അനുകൂലമല്ലെങ്കിലും ആക്രമണ ഫുട്ബോളിലൂടെ ബ്രസീലിനെ കീഴടക്കാമെന്ന പ്രതീക്ഷയിലണ് ഹാവിയർ ഹെർണാണ്ടസും സംഘവും. പക്ഷെ എതിരാളികൾ ജർമനിയോ അർജൻറീനയോ സ്പെയിനോ ഒന്നുമല്ല, ബ്രസീലാണ്. ചില കളികൾ അവർ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ്.