മികച്ച റെക്കോര്‍ഡിലാണ് ബ്രസീലിന്റെ പ്രതീക്ഷ

മോസ്‌കോ: ബ്രസീലിന് അപരിചിതരേ അല്ല എതിരാളികളായ മെക്സിക്കോ. ലോകകപ്പിൽ മാത്രമല്ല, കോപ്പ അമേരിക്കയിലും കോൺഫെഡറേഷൻ കപ്പിലുമെല്ലാം പലതവണ നേർക്കുനേർ വന്നിട്ടുണ്ട് ഇരുടീമുകളും. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഒരേയൊരു തവണയേ തോറ്റിട്ടുളളൂ എന്ന റെക്കോഡിലാണ് ബ്രസീലിന്റെ പ്രതീക്ഷ. മുന്‍പ് ഇരുവരും നാൽപ്പത് തവണ നേർക്കുനേർ വന്നു. ഇരുപത്തിമൂന്ന് ജയങ്ങൾ ബ്രസീലിനൊപ്പമുണ്ട്. എന്നാൽ രണ്ടായിരത്തിന് ശേഷം പതിനാല് മത്സരങ്ങളിൽ ആറെണ്ണം മെക്സിക്കോ ജയിച്ചപ്പോൾ അഞ്ച് വിജയം മാത്രമാണ് ബ്രസീലിനുള്ളത്. ലോകകപ്പിൽ നാല് പോരാട്ടങ്ങൾ. 2014ൽ ഒഴികെ മൂന്നും ബ്രസീൽ ജയിച്ചു. മെക്സിക്കോയ്ക്ക് ഇത് തിരുത്തിയാൽ മാത്രം അവസാന എട്ടിലെത്താം. ക്വാർട്ടർ ഫൈനലിൽ പതിനാല് തവണ ഇടംപിടിച്ചിട്ടുണ്ട് കാനറികൾ. പ്രീ ക്വാർട്ടർ 1990ല്‍ അർജന്റീനയോട് തോറ്റു. എന്നാല്‍ മെക്സിക്കോ രണ്ട് തവണ മാത്രം ക്വാർട്ടറിലെത്തി. ഏറ്റവുമൊടുവിൽ 1986ൽ. എന്നാൽ റഷ്യയിലേതടക്കം അവസാന ഏഴ് ലോകകപ്പുകളിലും മെക്‌സിക്കോ നോക്കൗട്ടിൽ പതിവുകാരാണ്. സമീപകാലത്ത് ബ്രസീലിനോടുളള മികച്ച റെക്കോഡിൽ വിജയിക്കാമെന്നാണ് മെക്‌സിക്കോയുടെ പ്രതീക്ഷ.