ഗോള്‍ നേടി പൗളീഞ്ഞോ

മോസ്കോ: കരുത്ത് കാട്ടാനെത്തിയവരെ കളി പഠിപ്പിച്ച് മഞ്ഞപ്പടയുടെ കുതിപ്പ്. യൂറോപ്പിന്‍റെ പ്രൗഡിയോടെയെത്തിയ സെര്‍ബിയക്കെതിരെ ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനറികള്‍ മുന്നില്‍ കടന്നത്. ലാറ്റിനമേരിക്കയുടെ സൗന്ദര്യം ആവാഹിച്ചെത്തിയ മഞ്ഞപ്പടയുടെ കടലിരമ്പമായിരുന്നു മോസ്കോയിലെ സ്പാര്‍ട്ട് സ്റ്റേഡിയത്തില്‍ നടക്കുന്ന കളിയുടെ ആദ്യ നിമിഷങ്ങളില്‍. 

ബ്രസീലിനെ തടഞ്ഞു നിര്‍ത്താന്‍ സെര്‍ബിയക്ക് പലപ്പോഴും പരുക്കന്‍ അടവുകള്‍ പ്രയോഗിക്കേണ്ടി വന്നു. പക്ഷേ ബ്രസീലിനുള്ള തിരിച്ചടി അതിവേഗം വന്നു. ഒമ്പതാം മിനിറ്റില്‍ തന്നെ പ്രതിരോധ നിര താരം മാഴ്സലോയെ പരിക്കേറ്റത് മൂലം പിന്‍വലിച്ചു. പ്രതിരോധത്തിനൊപ്പം മഞ്ഞപ്പടയുടെ ആക്രമങ്ങളുടെയും കുന്തുമുനയായിരുന്നു വിംഗിലൂടെ പാഞ്ഞു കയറുന്ന റയല്‍ മാഡ്രിഡ് താരം. മാഴ്സലോയ്ക്ക് പകരം ഫിലിപ്പേ ലൂയിസിനെയാണ് ടിറ്റെ കളത്തിലിറക്കിയത്.

ഇത് മഞ്ഞപ്പടയെ അല്‍പം പിന്നോട്ട് വലിച്ചു. സാഹചര്യം മനസിലാക്കിയ സെര്‍ബിയ ചില മിന്നല്‍ നീക്കങ്ങള്‍ അലിസന്‍റെ കോട്ടയിലേക്ക് നടത്തിയെങ്കിലും കാനറികള്‍ക്ക് അത് വലിയ അപകടമൊന്നും ഉണ്ടാക്കിയില്ല. , ആക്രമണം ഒന്ന് അയഞ്ഞെങ്കിലും മഞ്ഞപ്പട വീണ്ടും കുതിച്ചെത്തി. 25-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും നെയ്മറും നടത്തിയ നീക്കത്തിനൊടുവില്‍ നെയ്മര്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും സെര്‍ബിയന്‍ ഗോള്‍ കീപ്പര്‍ വ്ളാംദിര്‍ സ്റ്റോജ്കോവിക് തട്ടിയകറ്റി.

28-ാം മിനിറ്റില്‍ നെയ്മറിന്‍റെ ത്രൂ ബോളുമായി ജീസസ് സെര്‍ബിയന്‍ ബോക്സിലേക്ക് കുതിച്ചെത്തി. പ്രതിരോധ നിരയിലെ ഒരു താരത്തെ വെട്ടിയൊഴിഞ്ഞ് പിന്നിലാക്കാന്‍ സാധിച്ചെങ്കിലും ജീസസിന്‍റെ ഷോട്ട് തടയാന്‍ മിലന്‍കോവിക് പാഞ്ഞെത്തിയിരുന്നു. 34-ാം മിനിറ്റില്‍ മഞ്ഞപ്പട ഒന്ന് ഞെട്ടി. ടാഡിക്കിന്‍റെ പാസ് ബോക്സിന്‍റെ മധ്യത്തില്‍ കിട്ടിയ മിട്രോവിക് ഒരു അക്രോബാറ്റിക് ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

പകരത്തിന് പകരമെന്നോണം ബ്രസീലിന്‍റെ അടുത്ത മുന്നേറ്റം കലാശിച്ചത് പൗളീഞ്ഞോയുടെ ഗോളിലാണ്. ഫിലിപ്പോ കുടീഞ്ഞോ നീട്ടി നല്‍കിയ ത്രൂ ബോളില്‍ വണ്‍ ടച്ച് ചെയ്ത് പൗളീഞ്ഞോ സുന്ദരന്‍ ചിപ്പിലൂടെ വലയില്‍ കയറ്റി. തിരിച്ചടി നേരിട്ട സെര്‍ബിയ സമനില ഗോളിനായി പൊരുതി നോക്കി. രണ്ടു കോര്‍ണറുകള്‍ നേടിയെടുത്ത് ഒരു ഗോള്‍ നേടാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും മഞ്ഞപ്പട കൃത്യമായി പ്രതിരോധിച്ചു.

ഇന്നും നെയ്മര്‍ക്കെതിരെയുള്ള ഫൗളുകളും വീഴ്ചകള്‍ക്കും ഒരു കുറവുണ്ടായില്ല. ഇന്നത്തെ മത്സരം ജയിച്ചാലും സമനിലിയിലായാലും ബ്രസീലിന് പ്രീക്വാര്‍ട്ടറിലേക്ക് കുതിക്കാം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് കോസ്റ്റാറിക്കയ്ക്കെതിരെ ഒരു ഗോളിന് മുന്നിലാണ്. 31 ാം മിനിട്ടില്‍ ഡെസ്മൈലിയാണ് സ്വിസ് പടയെ മുന്നിലെത്തിച്ചത്.

Scroll to load tweet…